ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിൽ കർഷകർ നടത്തിയ പ്രക്ഷോഭം മൂലം ഇന്ത്യൻ റെയിൽവേയ്ക്ക് 2,220 കോടി രൂപയുടെ വരുമാന നഷ്ടം. റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കർഷക പ്രതിഷേധത്തെ തുടർന്ന് 2,352 പാസഞ്ചർ ട്രെയിനുകൾ റെയിൽവേ റദ്ദ് ചെയ്യുകയോ വഴി തിരിച്ചു വിടുകയോ ചെയ്യേണ്ടതായി വന്നു.
പഞ്ചാബിലെ കർഷക പ്രക്ഷോഭം: റെയിൽവേയ്ക്ക് 2,220 കോടി രൂപയുടെ നഷ്ടം
നിരവധി ചരക്കുകൾ സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ്.
റെയിൽവേ ട്രാക്കുകളിലെ ഉപരോധത്തെത്തുടർന്ന് 3,850 ചരക്കു ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രെയിനുകൾ റദ്ദാക്കിയതിലൂടെ റെയിൽവേയ്ക്ക് 67 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കൽക്കരി, വളം, സിമൻറ്, മറ്റ് ചരക്കുകൾ എന്നിവയുടെ 230 ലോഡ് റാക്കുകൾ സംസ്ഥാനത്തിന് പുറത്ത് പ്രക്ഷോഭകർ കൈവശം വച്ചിരിക്കുകയാണ്. പല ചരക്കുകളും പഞ്ചാബിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ചരക്കുനീക്കം ഉടൻ പുന:സ്ഥാപിക്കാൻ വ്യക്തിപരമായ ഇടപെടൽ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന് കത്ത് എഴുതിയിരുന്നു. പാസഞ്ചർ ട്രെയിനുകൾ കടത്തി വിടാൻ പ്രക്ഷോഭകർ അനുവദിച്ചില്ലെങ്കിൽ ചരക്കുനീക്കം ആരംഭിക്കാൻ അനുവദിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.