ചണ്ഡീഗഢ്: ബഹുകോണ മത്സരം നടക്കുന്ന പഞ്ചാബില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കൊണ്ട് ആം ആദ്‌മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ഏറ്റവും ഒടുവിലത്തെ ഫലങ്ങളനുസരിച്ച് 34 സീറ്റുകളില്‍ ആം ആദ്‌മി പാര്‍ട്ടിയാണ് മുന്‍പില്‍. കോണ്‍ഗ്രസ് 20 സീറ്റുകളിലും ശിരോമണി അകാലിദള്‍ 7 സീറ്റുകളിലും ബിജെപി 2 സീറ്റുകളിലുമാണ് മുന്‍പില്‍.
117 നിയമസഭ സീറ്റുകളിലെ വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിച്ചു. വോട്ടെണ്ണലിനായി 7,500 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 45 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിച്ച് ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ജില്ലകളിലും നിരോധനാഞ്ജ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
93 സ്‌ത്രീകളും രണ്ട് ട്രാൻസ്‌ജൻഡർമാരും ഉള്‍പ്പെടെ 1,304 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായി നടന്നത വോട്ടെടുപ്പില്‍ 71.95 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണിത്.