ചണ്ഡിഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അമരീന്ദര്‍ സര്‍ക്കാരിനെ ഡല്‍ഹിയില്‍ നിന്ന് ബിജെപി സ്വാധീനിക്കാന്‍ തുടങ്ങിയതോടെയാണ് അദ്ദേഹത്തെ നേതൃസ്ഥാനത്ത് നിന്നും മാറ്റിയതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം ഇവിടെയൊരു സര്‍ക്കാര്‍ ഉണ്ടായിരുന്നു. ആ സര്‍ക്കാരിന് ചില പോരായ്‌മകളുമുണ്ടായിരുന്നു. പാതിവഴിയില്‍ അത് പരാജയപ്പെട്ടുവെന്നും പ്രിയങ്ക 'നവി സോഛ് നവ പഞ്ചാബ്' റാലിയില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടി കൂടി പഞ്ചാബിലെത്തിയിട്ടുണ്ട്. പരസ്യങ്ങളിലൂടെയാണ് ജനങ്ങളുടെ ശ്രദ്ധ അവര്‍ ആകര്‍ഷിക്കുന്നതെന്നും എഎപിക്കെതിരെ പ്രിയങ്ക തുറന്നടിച്ചു. ഡല്‍ഹി സര്‍ക്കാര്‍ പരാജയമാണെന്നും എഎപി ഡല്‍ഹിയില്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Also Read: പഞ്ചാബില്‍ 'മുഖ്യമന്ത്രി മുഖം' ചന്നി, പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി ; ആലിംഗനം ചെയ്‌ത് സിദ്ദു
കഴിഞ്ഞ സെപ്‌റ്റംബറിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയും അദ്ദേഹം രൂപീകരിച്ചു. പിന്നീട് ബിജെപി-എസ്‌എഡി പാര്‍ട്ടിയുമായി സഖ്യത്തിലായി. നവജ്യോത് സിംഗ് സിദ്ദുവും അമരീന്ദര്‍ സിംഗും തമ്മിലുണ്ടായിരുന്ന ഉള്‍പാര്‍ട്ടി തര്‍ക്കം പഞ്ചാബ് രാഷ്ട്രീയത്തില്‍ വലിയ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു.
Also Read: Punjab Election 2022 | 'ഈ പോരാട്ടം വരും തലമുറയ്‌ക്ക് വേണ്ടി' : നവജ്യോത് സിംഗ് സിദ്ദു
കഴിഞ്ഞ പത്ത് വര്‍ഷമായി പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് രാജിവച്ച ശേഷം ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയായി ചുമതലയേറ്റു. 117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. വോട്ടെണ്ണൽ മാർച്ച് 10നാണ്.