ന്യൂഡൽഹി:പഞ്ചാബ് കോൺഗ്രസിലെ എല്ലാ പ്രതിസന്ധികളും പരിഹരിച്ചെന്ന് രാഹുൽ ഗാന്ധി. നവ്ജോത് സിങ് സിദ്ധുവിനെ പാർട്ടിയുടെ പഞ്ചാബ് അധ്യക്ഷനായി നിയമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തുന്നത്. പാർലമെന്‍റിന് പുറത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
സിദ്ധുവിന്‍റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന കോൺഗ്രസ് ടീം ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം എത്തുന്നത്.
ഊർജ പ്രതിസന്ധിയെക്കുറിച്ചും മറ്റുമുള്ള സർക്കാരിനെതിരായ പരാമർശങ്ങളിൽ സിദ്ധു പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹത്തെ നേരിട്ട് കാണുകയുള്ളു എന്ന തരത്തിലുള്ള പ്രസ്‌താവനകൾ മുഖ്യമന്ത്രി നേരത്തെ നടത്തിയിരുന്നു.