ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ (punjab congress president Navjot Singh Sidhu) ആഞ്ഞടിച്ച് ബിജെപി നേതാവ് ഗൗതം ഗംഭീർ (BJP leader Gautam Gambhir). പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (pakistan prime minister Imran Khan) തന്‍റെ മുതിര്‍ന്ന സഹോദരനാണെന്ന സിദ്ദുവിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് ഗംഭീര്‍ രംഗത്തെത്തിയത്. സിദ്ദു തന്‍റെ മക്കളെ അതിർത്തികളിലേക്ക് അയച്ചതിന് പിന്നാലെ "ഭീകര രാഷ്ട്രത്തലവനെ മുതിര്‍ന്ന സഹോദരൻ" എന്ന് വിളിക്കണമെന്ന് ഗംഭീർ പറഞ്ഞു.
സിദ്ദുവിന്‍റെ മക്കള്‍ പട്ടാളത്തിലുണ്ടായിരുന്നെങ്കില്‍ ഇമ്രാൻ ഖാനെ തന്‍റെ മൂത്ത സഹോദരൻ എന്ന് വിളിക്കുമായിരുന്നോവെന്നും ഗംഭീര്‍ ചോദിച്ചു. '' ഇതിനേക്കാൾ നാണംകെട്ട ഒരു പ്രസ്താവന സിദ്ദുവില്‍ നിന്നും ഉണ്ടാകാനില്ല. അദ്ദേഹം പാകിസ്ഥാൻ സൈനിക മേധാവി ബജ്‌വയെ കെട്ടിപ്പിടിച്ചു, കര്‍താര്‍പുര്‍ സാഹിബില്‍ പോയി ഇമ്രാൻ ഖാനെ തന്‍റെ മൂത്ത സഹോദരൻ എന്ന് വിളിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ കശ്മീരിൽ 40 സിവിലിയന്മാരും സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതേക്കുറിച്ച് സിദ്ദു പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങൾക്കെതിരെയാണ് അദ്ദേഹം. ക്യാപ്റ്റൻ അമരീന്ദർ സിങ് ഇന്ത്യയെ സംരക്ഷിക്കണമെന്ന്ആഗ്രഹിക്കുകയും രാജ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോൾ സിദ്ദു സഹകരിച്ചില്ല. ഇതിലും നാണക്കേട് മറ്റെന്തുണ്ട്?'' ഗംഭീര്‍ പറഞ്ഞു.
also read: Repeal of Farm Laws | 'ട്രാക്‌ടർ സമരം പിൻവലിക്കില്ല' ; നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ റദ്ദാക്കാതെ പിന്മാറില്ലെന്ന് കർഷകർ
''എസി മുറികളിൽ ഇരിക്കുകയോ കർതാർപൂർ സാഹിബിൽ പോയി സംസാരിക്കുകയോ ചെയ്യുന്നത് എളുപ്പമാണ്. അതിർത്തിയിൽ മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അതിന്‍റെ ഉത്തരവാദി ആരാണെന്ന് അദ്ദേഹം ചോദിക്കണം. രാഷ്ട്രീയം അതിന്റേതായ സ്ഥലത്താണ്. രാഷ്ട്രീയമല്ല രാജ്യമാണ് ഒന്നാമത്.എന്ത് രാഷ്ട്രീയമാണ് സിദ്ദുവിനുള്ളതെന്ന് രാജ്യം മനസിലാക്കുന്നുണ്ട്” ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.