ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു വെള്ളിയാഴ്ച (ജൂലൈ 23) സ്ഥാനമേല്‍ക്കുമെന്ന് അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു. 65 ഓളം എംഎൽഎമാർ ഒപ്പിട്ട ക്ഷണപ്പത്രം മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് സിദ്ദു അയച്ചതായും അവർ പറഞ്ഞു. ചടങ്ങിനായി പഞ്ചാബിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിനെയും ക്ഷണിച്ചിട്ടുണ്ടെന്നും അടുത്ത വ്യത്തങ്ങള്‍ വെളിപ്പെടുത്തി.
അതേസമയം കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദുവിനെ പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സിദ്ധുവും തമ്മിലുള്ള പരസ്യ പോരിന് പരിഹാര ഫോര്‍മൂലയായായിരുന്നു ഹൈക്കമാന്‍ഡിന്‍റെ നടപടി. എന്നാല്‍ നിയമനത്തിന് പിന്നാലെയും മുഖ്യമന്ത്രിയെ കാണാൻ സിദ്ദു സമയം ആവശ്യപ്പെട്ടിട്ടില്ലെന്ന് അമരീന്ദർ സിങ്ങിന്‍റെ മാധ്യമ ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.