ന്യൂഡൽഹി:പഞ്ചാബ് കോൺഗ്രസ് പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഡൽഹിയിലെത്തിയാണ് കൂടിക്കാഴ്‌ച്ച നടത്തിയത്. ഹൈക്കമാന്‍റ് നൽകുന്ന ഏത് നിർദേശവും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നവജ്യോത് സിംഗ് സിദ്ദുവിന് സംസ്ഥാന ഘടകത്തിൽ കാര്യമായ പദവി നൽകുമെന്ന സൂചനകളക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം തനിക്കറിയില്ലെന്നും എന്തു തീരുമാനവും താൻ അനുസരിക്കുമെന്നും അദ്ദേഹം മറുപടി നൽകി. അമരീന്ദറുമായി ഉടക്കി നിൽക്കുന്ന സിദ്ദു കഴിഞ്ഞദിവസം സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.
അമരീന്ദറിനെ തള്ളിപ്പറഞ്ഞ് സിദ്ദു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാണ്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി നവജ്യോത് സിങ് സിദ്ദു രംഗത്തിറങ്ങിയ സാഹചര്യത്തിൽ, അമരീന്ദറിനെ ഹൈക്കമാൻഡ് ഡൽഹിലേക്കു വിളിപ്പിച്ചിരുന്നു. അമരീന്ദറിനെ തള്ളിപ്പറഞ്ഞ് സിദ്ദു രംഗത്തെത്തിയതോടെ, സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം പ്രതിസന്ധിയിലായി.
read more:പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി : സിദ്ദു രാഹുൽ ഗാന്ധിയെ കാണും
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇരു നേതാക്കളെയും ഒപ്പം നിർത്താനാണ് നേതൃത്വം ശ്രമിക്കുന്നത്.‘കോൺഗ്രസ് എന്നാൽ അമരീന്ദർ സിങ് അല്ല. കോൺഗ്രസിൽ എന്‍റെ മുന്നിലെ വാതിലുകൾ അടഞ്ഞെന്ന് പറയാൻ അദ്ദേഹം ആരാണ്? ഏകാധിപത്യ ഭരണമാണു പഞ്ചാബിൽ നടക്കുന്നത്.’ എന്നായിരുന്നു നവജ്യോത് സിങ് സിദ്ദുവിന്‍റെ പരാമർശം.
പഞ്ചാബിലെ പാർട്ടി നയത്തിലും ഭരണ നയത്തിലും സമ്പൂർണ അഴിച്ചു പണിവേണമെന്നാണ് സിദ്ദുവിന്‍റെ നിലപാട്. രണ്ടു സുപ്രധാന കുടുംബങ്ങളുടെ നിഴലിലും കീഴിലുമാണ് പാർട്ടിയും സംസ്ഥാനത്തിന്‍റെ ഭരണവുമെന്നും സിദ്ദു തുറന്നടിച്ചിരുന്നു