ചണ്ഡീഗഡ്:മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ഇന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ കാണും. ന്യൂഡല്‍ഹിയിലാകും കൂടിക്കാഴ്ച. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട പേരുകള്‍ പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തുമായി അദ്ദേഹം ചര്‍ച്ച ചെയ്യും. ശേഷമാകും ഇരു നേതാക്കളും രാഹുല്‍ ഗാന്ധിയെ കാണുക. നിലവിലെ മന്ത്രിമാരില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റാണ ഗുർമിത് സിങ് സോധിക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കും
പർഗത് സിങ്, രാജ് കുമാർ വെർക്ക, ഗുർകിരത് സിങ് കോട്‌ലി, സംഗത് സിങ് ഗിൽസിയാൻ, സുർജിത് ധീമാൻ, അമരീന്ദർ സിങ് രാജാ വാരിങ്, കുൽജിത് സിങ് നഗ്ര എന്നിവരുടെ പേരുകളാണ് പ്രചരിക്കുന്നത്. നിലവിൽ പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഗിൽസിയാൻ പാർട്ടി സംസ്ഥാന ഘടകത്തിന്‍റെ വർക്കിങ് പ്രസിഡന്‍റുമായ പർഗത് സിങ് മന്ത്രിസഭയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അമരീന്ദർ സിങിന്‍റെ വിശ്വസ്തരായ കായിക മന്ത്രിയായിരുന്ന റാണ ഗുർമിത് സിംഗ് സോധിയും സാമൂഹിക നീതി ശാക്തീകരണ മന്ത്രിയായിരുന്ന സാധു സിങ് ധരംസോട്ടു എന്നിവര്‍ മന്ത്രിസഭയിൽ നിന്ന് പുറത്തായേക്കും.