ചണ്ഡീഗഢ്: ലുധിയാനയിൽ കുടുംബത്തെ സഹായിക്കാൻ സോക്സ് വില്‍ക്കുന്ന 10 വയസുകാരന് നേരെ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം. 10 വയസുകാരൻ വാൻഷ് സിങ് സോക്സ് വിൽക്കുന്ന വീഡിയോ വൈറലായതോടെയാണ് മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തത്. വിറ്റ സോക്സുകൾക്ക് അവയുടെ വിലയായ 50 രൂപയിൽ കൂടുതൽ സ്വീകരിക്കാൻ വാൻഷ് സിങ് വിസമ്മതിക്കുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. വാൻഷ് സിങിന്‍റെ ആത്മാഭിമാനത്തിലും അന്തസിലും ആകൃഷ്ടനായ മുഖ്യമന്ത്രി അമരീന്ദർ സിങ്, കുട്ടിയുടെ വിദ്യാഭ്യാസത്തിന്‍റെ ചിലവുകൾ സർക്കാർ ഏറ്റെടുക്കുമെന്നും കുടുംബത്തിന് അടിയന്തരമായി രണ്ട് ലക്ഷം രൂപ സഹായം നൽകുമെന്നും അറിയിച്ചു.
സോക്സ് വില്‍ക്കുന്ന 10 വയസുകാരന് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം - അമരീന്ദർ സിങ്
ഏഴ് പേരടങ്ങുന്ന തന്‍റെ കുടുംബത്തെ സഹായിക്കാനാണ് 10 വയസുകാരനായ വാൻഷ് സിങ് സോക്സ് വിൽക്കാൻ തീരുമാനിച്ചത്

10 വയസുകാരന് സഹായവുമായി മുഖ്യമന്ത്രി
വാൻഷ് സിങ് വീണ്ടും സ്കൂളിൽ പോകുന്നത് ഉറപ്പാക്കാൻ മുഖ്യമന്ത്രി ലുധിയാന ഡെപ്യൂട്ടി കമ്മിഷണർക്ക് നിർദേശം നൽകി.
സോക്സ് വിൽപ്പനക്കാരനായ പരംജിത്തും, ഒരു വീട്ടമ്മയായ റാണിയുമാണ് വാൻഷ് സിങ്ങിന്‍റെ മാതാപിതാക്കൾ. മൂന്ന് സഹോദരിമാരും ഒരു സഹോദരനും മാതാപിതാക്കളും ഉൾപ്പെടുന്നതാണ് വാൻഷ് സിങ്ങിന്‍റെ കുടുംബം. വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്.