ചണ്ഡിഗഡ്: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പാട്യാലയിൽ നിന്ന് തനിക്കെതിരെ മത്സരിക്കാൻ മുൻ മന്ത്രി നവജോത് സിങ് സിദ്ധുവിനെ വെല്ലുവിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. നവജോത് സിങ് സിദ്ധുവിന് തനിക്കെതിരെ മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തിന് അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2022ലാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം കോൺഗ്രസ് പാർട്ടി അംഗം തന്നെയാണോ താൻ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി, നവജോത് സിങ് സിദ്ദുവിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതിൽ ഒരു പ്രധാനിയാണ് സിദ്ദുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയിലേക്ക് ഇനി അദ്ദേഹത്തെ തിരിച്ചെടുക്കില്ല. ശിരോമണി അകാലിദൾ (എസ്എഡി)നെ സംബന്ധിച്ചിടത്തോളവും ഇത് തന്നെയാണ് തീരുമാനമെന്നും അമരീന്ദർ സിങ് പറഞ്ഞു.