ചണ്ഡീഗഡ്: സംസ്ഥാനത്തെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ നേരിട്ട് അറിയിക്കാൻ തന്‍റെ സ്വകാര്യ വാട്‌സ്ആപ്പ് നമ്പർ നൽകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. അധികാരമേറ്റതിന് പിന്നാലെ ജനങ്ങൾക്കായി ഒരു വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ നമ്പറിനെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്‌തത്.
'ഭഗത് സിങ്ങിന്‍റെ രക്തസാക്ഷിത്വ ദിനത്തിൽ ഞങ്ങൾ അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ നമ്പർ ജനങ്ങൾക്ക് നൽകും. അത് എന്‍റെ സ്വകാര്യ വാട്‌സ്ആപ്പ് നമ്പറായിരിക്കും. നിങ്ങളോട് ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ അതിന്‍റെ വീഡിയോ/ ഓഡിയോ റെക്കോർഡിങ് എനിക്ക് അയച്ചു തരിക. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും. പഞ്ചാബിൽ ഇനി അഴിമതി ഉണ്ടാകില്ല,' മാൻ ട്വീറ്റ് ചെയ്തു.