ചണ്ഡീഗഡ്: മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്‍റലിജൻസ് ആസ്ഥാനത്ത് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണം നടന്നതിന് പിന്നാലെ, സ്‌ഫോടനത്തിന് കാരണക്കാരായവരിൽ ചിലരെ സംശയാസ്‌പദമായി അറസ്റ്റ് ചെയ്‌തതായി മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിന്‍റെ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്ക് കർശനമായ ശിക്ഷ നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അറസ്റ്റിലായവരിലൂടെ തങ്ങൾക്ക് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കേസ് ഉടൻ പരിഹരിക്കുമെന്നും പഞ്ചാബ് ഡിജിപി വി.കെ ഭാവ്‌ര പറഞ്ഞു.
തിങ്കളാഴ്‌ച (മെയ് 9) രാത്രി 7:45ഓടെയാണ് മൊഹാലിയിലെ സെക്‌ടർ 77ലെ അതീവ സുരക്ഷയുള്ള കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ സ്‌ഫോടനം നടന്നത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡാണ് സ്‌ഫോടനത്തിന് കാരണമായതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സംഭവത്തിൽ ചൊവ്വാഴ്‌ച ഡിജിപിയുമായും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ മുഖ്യമന്ത്രി, വിഷയം സമഗ്രമായി അന്വേഷിക്കാനും സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചു.
താക്കീതുമായി മുഖ്യമന്ത്രി:സംസ്ഥാനത്തുടനീളം കലാപം സൃഷ്‌ടിക്കാൻ ചില ദുഷ്‌ടശക്തികൾ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അവരുടെ നീചമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചില അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. പഞ്ചാബിന്‍റെ സമാധാനാന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല. കുറ്റവാളികൾക്ക് അവരുടെ വരും തലമുറകളും ഓർത്തിരിക്കുന്ന തരത്തിൽ കടുത്ത ശിക്ഷ നൽകുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി താക്കീത് നൽകി.
ട്രിനിട്രോടോലുയിൻ (TNT) എന്ന സ്‌ഫോടകവസ്‌തു നിറച്ച പ്രൊജക്റ്റൈലാണ് കെട്ടിടത്തിൽ പതിച്ചതെന്നും സംഭവത്തില്‍ കെട്ടിടത്തിന്‍റെ ചില്ലുകൾ തകർന്നതായും ഡിജിപി പറഞ്ഞു. കാറിലെത്തിയ രണ്ട് പേരാണ് കെട്ടിടത്തിന് നേരെ ആർപിജി തൊടുത്തുവിട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സ്‌ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതൊരു ഭീകരാക്രമണമാണോ അല്ലയോ എന്നത് തുടർന്നുള്ള അന്വേഷണങ്ങളിൽ വ്യക്തമാകുമെന്നും ഡിജിപി അറിയിച്ചു.