ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്‌മി പാർട്ടി നേതാവ് ഭഗവന്ത് മാൻ ചുമതലയേറ്റു. ഭഗത് സിങിന്‍റെ ജന്മ ഗ്രാമമായ ഖട്‌കര്‍ കലനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് മാനിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
സിവിൽ സെക്രട്ടേറിയറ്റിൽ പഞ്ചാബ് പൊലീസിന്‍റെ 82-ാം ബറ്റാലിയനിൽ നിന്ന് മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡയറക്‌ടര്‍ ജനറൽ ഓഫ് പൊലീസ് വി.കെ ഭാവ്ര, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മാനിനെ സ്വീകരിച്ചു. സംസ്ഥാനത്തെ ജനങ്ങൾ ചരിത്രപരമായ ജനവിധിയാണ് നൽകിയതെന്നും തന്‍റെ സർക്കാർ ജനപക്ഷ നയങ്ങൾക്കായി പ്രവർത്തിക്കുമെന്നും ഭഗവന്ത് സിങ് മാൻ പറഞ്ഞു. ജനങ്ങളുടെ ജീവിത പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കുമെന്നും മാന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.