ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന് ആക്കം കൂട്ടി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ തോല്‍വി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ചന്നി ആം ആദ്‌മി സ്ഥാനാര്‍ഥികളോട് പരാജയപ്പെട്ടു. സിറ്റിങ് സീറ്റായ ചംകൗർ സാഹിബ്, ബദൗര്‍ എന്നിവിടങ്ങളിലാണ് ചന്നി ജനവിധി തേടിയത്.
തോല്‍വിയ്ക്ക് പിന്നാലെ പരാജയം സമ്മതിച്ചും ആം ആദ്‌മിയെ അഭിനന്ദിച്ചും ചന്നി ട്വീറ്റ് ചെയ്‌തു. 'പഞ്ചാബിലെ ജനങ്ങളുടെ വിധിയെഴുത്തിനെ ഞാൻ വിനയപൂർവം അംഗീകരിക്കുന്നു. ആം ആദ്‌മി പാർട്ടിയ്ക്കും അവരുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഭഗവന്ത് മാൻജിയ്ക്കും അഭിനന്ദനങ്ങള്‍. അവർ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' - ചന്നി ട്വിറ്ററില്‍ കുറിച്ചു.