ചണ്ഡീഗഢ്: ആം ആദ്‌മി തരംഗം ആഞ്ഞടിക്കുന്ന പഞ്ചാബില്‍, വോട്ടെടുപ്പിന്‍റെ ആദ്യ രണ്ട് മണിക്കൂറുകള്‍ പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു, കോണ്‍ഗ്രസ് മന്ത്രിമാർ, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പിന്നില്‍.
അമൃത്‌സര്‍ ഈസ്റ്റില്‍ നിന്ന് ജനവിധി തേടുന്ന നവ്‌ജ്യോത് സിങ് സിദ്ദു ലീഡ് നിലയില്‍ മൂന്നാമതാണ്. ആം ആദ്‌മി പാര്‍ട്ടിയുടെ ജീവന്‍ ജ്യോത് കൗര്‍ ലീഡ് ചെയ്യുന്ന മണ്ഡലത്തില്‍ ശിരോമണി അകാലി ദളിന്‍റെ ബിക്രം സിങ് മജീതിയ ആണ് രണ്ടാം സ്ഥാനത്ത്. നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ സിറ്റിങ് സീറ്റാണ് അമൃത്‌സര്‍ ഈസ്റ്റ്.
പട്യാലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന അമരീന്ദര്‍ സിങും പിന്നിലാണ്. വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ആറായിരത്തോളം വോട്ടുകള്‍ക്ക് പിന്നിലാണ് അമരീന്ദര്‍. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, മത്സരിക്കുന്ന രണ്ടിടങ്ങളിലും പിന്നിലാണ്. ചാംകൗര്‍ സാഹിബ്, ബദൗര്‍ എന്നി മണ്ഡലങ്ങളിലാണ് ചന്നി മത്സരിക്കുന്നത്. ഇതില്‍ ബദൗര്‍ മണ്ഡലം എഎപിയുടെ സിറ്റിങ് സീറ്റാണ്. രണ്ടിടങ്ങളിലും എഎപി സ്ഥാനാർഥിയാണ് മുന്നില്‍.