ബെംഗളൂരു :കന്നടതാരം പുനീത് രാജ്‌കുമാറിന്‍റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ ആരാധകരായ രണ്ട് പേർ ആത്മഹത്യ ചെയ്‌തു. മറ്റ് മൂന്ന് പേർ വിയോഗവാര്‍ത്തയറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. ബെലഗാവി സ്വദേശി രാഹുൽ ഗാഡി വദ്ദര(22), മൈസൂർ സ്വദേശി അശോക് (40) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്.
രാഹുൽ തൂങ്ങിമരിക്കുകയായിരുന്നു. പുനീതിന്‍റെ കടുത്ത ആരാധകനായിരുന്ന ഇയാൾ വീട്ടിൽ അദ്ദേഹത്തിന്‍റെ ഫോട്ടോ സൂക്ഷിച്ചിരുന്നു. അതിന് മുന്നിൽ ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്. അതേസമയം ഓട്ടോ ഡ്രൈവറായിരുന്ന അശോക് എന്നയാൾ പുനീതിന്‍റെ വിലാപ യാത്രയ്‌ക്ക് ശേഷം കനാലിൽ ചാടി മരിക്കുകയായിരുന്നു.
ALSO READ:'കന്നട സിനിമയയ്‌ക്ക് നികത്താനാവാത്ത നഷ്‌ടം..' പുനീതിന്‍റെ മരണത്തില്‍ പ്രതികരിച്ച് സ്‌റ്റാലിന്‍
കനകദാസ നഗർ സ്വദേശി പരശുരാമ ഹനുമന്ത ദേമന്നനവര(33), മാരൂർ സ്വദേശി മുനിയപ്പ (28), മദ്ദൂർ സ്വദേശി വൈ.എസ് സുരേഷ് (45) എന്നിവരാണ് പുനീതിന്‍റെ മരണവാർത്തയറിഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതിന് പുറമേ അഞ്ച് പേർ ആത്മഹത്യാശ്രമം നടത്തിയതായും മറ്റൊരാളെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഗണേഷ് (22), മുഹമ്മദ് റാഫി (28), ബസവനഗൗഡ (28) എന്നിവരാണ് ആത്മഹത്യാശ്രമം നടത്തിയത്. കൂടാതെ ആദിമൂർത്തി റെഡ്ഡി എന്നയാളെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിൽ തുടരുകയാണ്.
പ്രമുഖ കന്നട താരം രാജ്‌കുമാറിന്‍റെ മകന്‍ കൂടിയായ പുനീതിന്‍റെ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു.