കേരളം

kerala

ETV Bharat / bharat

തോക്കിന് മുന്നില്‍ പതറാത്ത പുല്‍വാമയ്ക്ക് നിറം ചാർത്തി ലാവെൻഡർ സുഗന്ധം - ഔഷധ സസ്യങ്ങളുടെ രാജകുമാരി

കശ്‌മീരിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന പുല്‍വാമ, കുങ്കുമ കൃഷിയുടെ പേരിലും ലോക പ്രശസ്‌തമാണ്. പാല്‍ ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ 'ആനന്ദ് ഓഫ് കശ്മീർ' അഥവ 'ദൂധ-കുൽ ഓഫ് കശ്മീർ' എന്നും പുല്‍വാമ അറിയപ്പെടുന്നുണ്ട്. പുല്‍വാമയിലെ ലാവെൻഡർ പൂക്കൾ കൃഷിയെ കുറിച്ച്...

pulwama purple paradise of kashmir lavender cultivation
തോക്കിന് മുന്നില്‍ പതറാത്ത പുല്‍വാമയ്ക്ക് നിറം ചാർത്തി ലാവെൻഡർ സുഗന്ധം

By

Published : Jun 27, 2023, 1:53 PM IST

തോക്കിന് മുന്നില്‍ പതറാത്ത പുല്‍വാമയ്ക്ക് നിറം ചാർത്തി ലാവെൻഡർ സുഗന്ധം

ശ്രീനഗർ: 2019 ഫെബ്രുവരി പതിനാലാം തീയതി, ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന മനുഷ്യബോംബ് ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്‌ടമായത് 40 സിആർപിഎഫ് ജവാൻമാരെ... ജമ്മു കശ്‌മീരില്‍ തീവ്രവാദി ആക്രമണങ്ങൾ നടക്കാറുണ്ടെങ്കിലും പുല്‍വാമയില്‍ സംഭവിച്ചത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഖകരമായ സംഭവങ്ങളിലൊന്നാണ്. പുല്‍വാമ എന്ന പേര് കേൾക്കുമ്പോൾ ഓർമ വരുന്നതും ഇന്ത്യൻ ജവാൻമാരുടെ രക്തം വീണ ആ ദിവസത്തെ കുറിച്ചാണ്.

പക്ഷേ തീവ്രവാദ ഭീഷണി നിലനില്‍ക്കുമ്പോഴും അതിനെയൊന്നും ഭയക്കാതെ പുല്‍വാമയില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന സുന്ദരമായൊരു കാഴ്‌ചയുണ്ട്. ലാവെൻഡർ പൂക്കളും ജമന്തിപ്പൂക്കളും റോസ പൂക്കളും നിറഞ്ഞ പൂപ്പാടങ്ങളാണ് പുല്‍വാമയുടെ ഏറ്റവും വലിയ സൗന്ദര്യം. കശ്‌മീരിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന പുല്‍വാമ, കുങ്കുമ കൃഷിയുടെ പേരിലും ലോക പ്രശസ്‌തമാണ്. പാല്‍ ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ 'ആനന്ദ് ഓഫ് കശ്മീർ' അഥവ 'ദൂധ-കുൽ ഓഫ് കശ്മീർ' എന്നും പുല്‍വാമ അറിയപ്പെടുന്നുണ്ട്.

ഔഷധ സസ്യങ്ങളുടെ കലവറ: ലാവെൻഡർ പൂക്കൾ പ്രധാനമായും ഔഷധമായും സുഗന്ധലേപന മിശ്രിതമായുമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ പുല്‍വാമയിലെ ലാവെൻഡർ കൃഷിയും അതിനോട് ചേർന്നുള്ള ഔഷധ സസ്യ ഫാമും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഔഷധ സസ്യ ഫാമുകളിലൊന്നാണ്. ഔഷധ സസ്യങ്ങളുടെ രാജകുമാരി എന്നാണ് ലാവെൻഡർ ചെടികൾ അറിയപ്പെടുന്നതെന്ന് പുല്‍വാമക്കാർ പറയും. 2000ത്തോളം കർഷകരാണ് ഇവിടെ ലാവെൻഡർ കൃഷിയില്‍ ഏർപ്പെടുന്നത്. സിഎസ്ഐആർ മിഷന് കീഴില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റഗ്രേറ്റീവ് മെഡിസിനാണ് പുല്‍വാമയിലെ വലിയ ലാവെൻഡർ ഔഷധ ഫാം നടത്തുന്നത്.

ബേക്കറി പലഹാരങ്ങൾ, മറ്റ് ഭക്ഷണ പദാർഥങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, സോപ്പുകൾ, ഓയിലുകൾ, മരുന്നുകൾ എന്നിവയിലെല്ലാം ലാവെൻഡർ പൂക്കളും തൈലവും ചേർക്കുന്നുണ്ട്. യൂറോപ്പില്‍ നിന്ന് വർഷങ്ങൾക്ക് മുൻപ് എത്തിച്ച് കശ്മീരില്‍ കൃഷി ചെയ്‌ത് തുടങ്ങിയ ലാവെൻഡറിന് ഇന്ന് ലോകമെമ്പാടും വിപണിയുണ്ട്. കശ്‌മീരിന്‍റെ പരമ്പരാഗത കൃഷി രീതിയും കാലാവസ്ഥയുമാണ് ലോക വിപണിയിലേക്ക് പുല്‍വാമ അടക്കമുള്ള മേഖലകളില്‍ നിന്നുള്ള ലാവെൻഡറിന് ആവശ്യക്കാരെ ആകർഷിക്കുന്നത്.

ലോകത്തെ മയക്കുന്ന ലാവെൻഡർ: പുരാതന കാലത്ത്, ഈജിപ്തുകാർ മൃതദേഹങ്ങൾ മമ്മിയാക്കുന്നതിന് ലാവെൻഡർ പെർഫ്യൂം ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നുണ്ട്. ലാവെൻഡർ പുഷ്പം വിശുദ്ധിയുടെയും സമാധാനത്തിന്റെയും പ്രതീകമായി കരുതിയിരുന്ന സമൂഹങ്ങളുമുണ്ട്. സുഗന്ധ ദ്രവ്യം എന്നതിലുപരി പ്രാണികളുടെ കടിയേറ്റാല്‍ പുരട്ടുന്നതിനും വേദന സംഹാരിയായും ലാവെൻഡർ ഓയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നല്ല ഉറക്കം ലഭിക്കാനും, ഉത്കണ്ഠ-സമ്മർദം എന്നിവ കുറയ്ക്കുന്നതിനും ലാവെൻഡർ തൈലം ഉപയോഗിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details