ശ്രീനഗർ:പുൽവാമയിലെ ഗോംഗൂ ക്രോസിങ്ങിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. 182-ാം ബറ്റാലിയന്‍ സിആർപിഎഫ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ വിനോദ് കുമാറാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്‌ച (17.07.2022) ഉച്ചയോടെയായിരുന്നു സംഭവം.
പുൽവാമ ഏറ്റുമുട്ടൽ; ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു - പുൽവാമയിലെ ഗോംഗൂ ക്രോസിങ്ങ് ഭീകരാക്രമണം
പുൽവാമയിലെ ഗോംഗൂ ക്രോസിങ്ങിന് സമീപം പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും സംയുക്ത നാകാ പാർട്ടിക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.
ഗോംഗൂ ക്രോസിങ്ങിന് സമീപം സർക്കുലർ റോഡിൽ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും സംയുക്ത നാകാ പാർട്ടിക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. സമീപത്തുള്ള ആപ്പിൾ തോട്ടത്തിൽ നിന്നും തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. മേഖലയിൽ തീവ്രവാദികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.