കശ്‌മീർ: പാൽ ഉത്‌പാദനവും ആനന്ദ് എന്ന വാക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? അതിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ പുൽവാമ ജില്ലയെ കുറിച്ച് അറിയണം. പാൽ ഉത്‌പാദനത്തിന്‍റെ പേരിൽ പ്രശസ്‌തമാണിന്ന് പുൽവാമ ജില്ല. കശ്‌മീരിന്‍റെ ആനന്ദ് എന്നാണ് ദക്ഷിണ കശ്‌മീരിലെ പുൽവാമ ജില്ല അറിയപ്പെടുന്നത്. ഗുജറാത്തിലും ആനന്ദ് എന്ന പേരിലൊരു ജില്ലയുണ്ട്. വന്‍ തോതിലുള്ള പാൽ ഉത്‌പാദനം മൂലം ഗുജറാത്തിന്‍റെ പാല്‍ നഗരം എന്നാണ് ഈ ജില്ല അറിയപ്പെടുന്നത്. ഏഷ്യയില്‍ തന്നെ ഏറ്റവും വലിയ പാൽ ഉത്‌പാദന കേന്ദ്രമാണ് ഈ പ്രദേശം.
പുൽവാമ... കശ്‌മീരിന്‍റെ ആനന്ദ് - milk production
പുൽവാമയിൽ പ്രതിദിനം 8.5 ലക്ഷം ലിറ്റര്‍ പാലാണ് ഉത്‌പാദിപ്പിക്കുന്നത്.
പുൽവാമയിൽ പ്രതിദിനം 8.5 ലക്ഷം ലിറ്റര്‍ പാലാണ് ഉത്‌പാദിപ്പിക്കുന്നത്. ഇവിടെ ഉത്‌പാദിപ്പിക്കുന്ന പാൽ തെക്ക് ബനിഹാല്‍ മുതല്‍ താഴ്‌വരയുടെ വടക്ക് ഭാഗത്തുള്ള വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നു. ഈ ജില്ലയില്‍ ചുരുങ്ങിയത് ഒരു സര്‍ക്കാര്‍ അംഗീകൃത സൊസൈറ്റി എങ്കിലും ഉണ്ട്. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ ഉദ്യോഗസ്ഥർ പാലിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നത്. പരിശോധനയിലൂടെ പാലിന്‍റെ ഗുണനിലവാരം അനുസരിച്ച് ഉടമകൾക്ക് പണം നൽകുകയും ചെയ്യുന്നു. 25 രൂപയ്‌ക്ക് വിൽക്കുന്ന പാലിന് ചിലപ്പോൾ ലിറ്ററിന് 35 രൂപ മുതൽ 40 രൂപ വരെ ഉയരാം.
ഒരു കാലത്ത് പുല്‍വാമയില്‍ 1.16 ലക്ഷം കന്നുകാലികള്‍ ഉണ്ടായിരുന്നു. എന്നാൽ ഇന്നത് 98,000 ആയി ചുരുങ്ങി. പ്രതിവർഷം 300 കോടി ലിറ്റർ പാലാണ് ഇവിടെ ഉത്‌പാദിപ്പിക്കുന്നത്. ഈ പ്രദേശത്തെ ക്ഷീരോത്‌പാദനം വർധിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിലൂടെ നിരവധി യുവാക്കൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്നു. പുൽവാമ ജില്ലയിൽ ഏകദേശം 15 പാല്‍ സംഭരണ യൂണിറ്റുകളുണ്ട്. ഇവിടെ ശേഖരിക്കുന്ന പാൽ ദക്ഷിണ കശ്‌മീർ താഴ്‌വരയിലുള്ള വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്യുന്നു. പാൽ ഉത്‌പാദനവും വിതരണവും എല്ലാമായി ഇന്ന് പ്രശസ്‌തമാണ് ദക്ഷിണ കശ്‌മീരിന്‍റെ പുൽവാമ ജില്ല.