വാഷിങ്ടണ്‍ :2022 ലെ പുലിറ്റ്സര്‍ പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യക്കാരായ ഡാനിഷ് സിദ്ദിഖി, സന ഇര്‍ഷാദ് മട്ടു, അദ്‌നാന്‍ അബിദി, അമിത് ദേവ് എന്നിവര്‍ പുരസ്‌കാരം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിന് മരണാനന്തര ബഹുമതിയായാണ് അവാര്‍ഡ് ലഭിച്ചത്. യുക്രൈനിലെ മാധ്യമപ്രവര്‍ത്തകരെയാകെ പ്രത്യേക പുരസ്‌കാരം നല്‍കി പുലിറ്റ്‌സര്‍ ജൂറി ആദരിച്ചു.
ഇന്ത്യയിലെ കൊവിഡ് ദുരിതങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിനാണ് ഇന്ത്യക്കാരായ ഡാനിഷ് സിദ്ദിഖി, അദ്‌നാന്‍ അബിദി, സന ഇര്‍ഷാദ് മട്ടു, അമിത് ദേവ് എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം, ജനുവരി ആറിലെ ഡൊണാള്‍ഡ് ട്രംപ് അനുകൂലികളുടെ അമേരിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള അതിക്രമിച്ച് കയറ്റം, ഫ്ലോറിഡ ബീച്ചിലെ അപ്പാര്‍ട്ട്മെന്‍റ് തകര്‍ന്നത് എന്നീ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളെ പുലിറ്റ്സര്‍ ജൂറി പ്രത്യേകം പരാമര്‍ശിച്ചു.
പബ്ലിക് സര്‍വീസ് വിഭാഗത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിനാണ് പുരസ്‌കാരം. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ അതിക്രമിച്ച് കടന്ന സംഭവത്തിന്‍റെ റിപ്പോര്‍ട്ടിങ്ങിനാണ് അംഗീകാരം. ബ്രേക്കിങ് ന്യൂസ് വിഭാഗത്തില്‍ മിയാമി ഹെറാള്‍ഡ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പുരസ്‌കാരം. ഫ്ലോറിഡയിലെ അപ്പാര്‍ട്ട്മെന്‍റ് തകര്‍ന്ന സംഭവത്തിന്‍റെ റിപ്പോര്‍ട്ടിങ്ങിനാണ് അംഗീകാരം.
അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിന് ടമ്പാ ബേ ടൈംസിന്‍റെ റിപ്പോര്‍ട്ടര്‍മാരായ കോറി ജി. ജോണ്‍സണ്‍, റബേക്ക വൂളിങ്ടണ്‍, ഇലി മുറെ എന്നിവര്‍ക്കാണ് പുരസ്‌കാരം. ഫ്ളോറിഡയിലെ ബാറ്ററി നിര്‍മാണ ഫാക്ടറിയിലെ വിഷലിപ്‌തമായ മാലിന്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. വിവരണാത്മക റിപ്പോര്‍ട്ടിങ് വിഭാഗത്തില്‍ ക്വാണ്ട മാഗസിനിലെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. വെബ് സ്പേസ് ടെലിസ്കോപ്പിന്‍റെ പ്രവര്‍ത്തനം വിശദീകരിച്ച റിപ്പോര്‍ട്ടിങ്ങിനാണ് അംഗീകാരം.