പുതുച്ചേരി:പുതുച്ചേരി ഇന്ന് പോളിങ് ബൂത്തിലേക്ക്. പുതുച്ചേരിക്ക് പുറമെ കാരൈക്കൽ, മാഹി, യാനം എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് നടക്കും. 30 നിയോജക മണ്ഡലങ്ങളിലായി 10,04,507 വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക. 324 സ്ഥാനാർഥികളാണ് വിധിയെഴുത്തിനായി കാത്തിരിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു വനിതാ പോളിങ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ തുടർന്ന് സിഎപിഎഫ് കനത്ത സുരക്ഷയാണ് കേന്ദ്രഭരണ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
പുതുച്ചേരി തെരഞ്ഞെടുപ്പ് ഇന്ന്; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ
30 നിയോജക മണ്ഡലങ്ങളിലായി 10,04,507 വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക
വേട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് രാത്രി ഏഴ് മണിക്ക് അവസാനിക്കും. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കുള്ള വോട്ടെടുപ്പാണ് നടക്കുക. 105 ഫ്ലൈയിംഗ് സ്ക്വാഡുകൾ, 105 സ്റ്റാറ്റിക് നിരീക്ഷണ ടീമുകൾ, 26 റോളിങ് സ്റ്റാറ്റിക് നിരീക്ഷണ ടീമുകൾ, 35 വീഡിയോ നിരീക്ഷണ ടീമുകൾ എന്നിവയും പുതുച്ചേരിയിൽ സജ്ജമാണ്. കോൺഗ്രസ്-ഡിഎംകെ സഖ്യവും, അഖിലേന്ത്യാ എൻആർ കോൺഗ്രസും, അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എ.ഐ.എ.ഡി.എം.കെ,) ഭാരതീയ ജനതാ പാർട്ടിയും (ബി.ജെ.പി) അടങ്ങുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും (എൻഡിഎ) തമ്മിലുള്ള കടുത്ത മത്സരമാണ് പുതുച്ചേരിയിൽ നടക്കുന്നത്.