പുതുച്ചേരി: കൂടുതൽ ഇളവുകളോടെ പുതുച്ചേരിയിലെ ലോക്ക്‌ഡൗൺ ജൂൺ 21 വരെ നീട്ടി. റവന്യൂ- പുനരധിവാസ വകുപ്പ് സെക്രട്ടറി അശോക് കുമാർ ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രാത്രി കർഫ്യൂ 10 മണി മുതൽ രാവിലെ അഞ്ച് മണി വരെ തുടരും.
ഹോട്ടലുകൾ, ലോഡ്‌ജുകൾ, ഗസ്‌റ്റ് ഹൗസ് എന്നിവയ്‌ക്കുള്ളിലെ റസ്‌റ്റോറന്‍റ്, ബാർ തുടങ്ങിയവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം പേരെ പ്രവേശിപ്പിച്ച് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മദ്യശാലകൾക്കും പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
മദ്യത്തിന്‍റെ ചില്ലറ വിൽപന രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുമണി വരെ നടത്താം. ചായക്കടകൾ, ജ്യൂസ് കടകൾ തുടങ്ങിയവ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ തുറക്കാം.