മുംബൈ: ഓൺലൈൻ ചൂതാട്ട ആപ്പുകളെ പിന്തുണച്ചുകൊണ്ട് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar), അജയ് ദേവ്ഗൺ (Ajay Devgn) അടക്കമുള്ള പ്രമുഖർക്കെതിരെ പൊതുതാത്പര്യ ഹർജി (Public Interest Litigation against Sachin online rummy). നവി മുംബൈയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ രാജേന്ദ്ര പാട്ടീലാണ് പൊതുതാത്പര്യ ഹർജി നൽകിയത് (Social Activist Rajendra Patil files PIL). ഹർജി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഹൈക്കോടതി പരിഗണിക്കും.
രാജ്യത്ത് ഓൺലൈൻ റമ്മി നിരോധിച്ചിട്ടുണ്ടെങ്കിലും പ്രമുഖരായ ആളുകൾ ഇതിനെ പിന്തുണയ്‌ക്കുന്നത് നിയമലംഘനമാണെന്ന് രാജേന്ദ്ര പാട്ടീൽ തന്‍റെ പൊതുതാൽപ്പര്യ ഹർജിയിൽ പറഞ്ഞു. സമൂഹത്തിൽ മോശം അഭിപ്രായം സൃഷ്‌ടിക്കാതിരിക്കാൻ ഇത്തരം പരസ്യങ്ങൾ ഉടൻ നിർത്തലാക്കണമെന്നും വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടു.
സച്ചിൻ, അജയ് ദേവ്‌ഗൺ എന്നിവരെ കൂടാതെ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, മറാത്തി സിനിമാതാരം അങ്കുഷ് ചൗധരി, ഹിന്ദി ചലച്ചിത്ര അഭിനേതാക്കളായ അന്നു കപൂർ, ഹൃത്വിക് റോഷൻ, മനോജ് ബാജ്‌പേയ്, ഷാരൂഖ് ഖാൻ, മുൻമുൻ ദത്ത, സ്വപ്‌നിൽ ജോഷി എന്നിവരും ഓൺലൈൻ റമ്മിയുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഓൺലൈൻ ചൂതാട്ട ഗെയിമുകളിൽ നിന്ന് വിട്ടുനിൽക്കാൻ മഹാരാഷ്‌ട്ര സർക്കാർ നിരന്തരം ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. എങ്കിലും നിരവധി സെലിബ്രിറ്റികൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. നിരോധിക്കപ്പെട്ട ഗെയിമുകൾക്ക് എങ്ങനെ അംഗീകാരം നൽകുമെന്നും പാട്ടീൽ ചോദിച്ചു. വിലക്കേർപ്പെടുത്തിയ ഓൺലൈൻ റമ്മി ഗെയിമുകളുടെ പരസ്യങ്ങൾ നൽകുന്നതിന് യാതൊരുവിധ നിയമതടസങ്ങളുമില്ലേ..? ഇത് ഗൗരവമേറിയ വിഷയമാണ്. അതുകൊണ്ട് കോടതി ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഹർജിക്കാരന്‍റെ അഭിഭാഷകൻ വിനോദ് സാംഗ്വികർ കോടതിയെ അറിയിച്ചു.
ക്രിക്കറ്റിന്‍റെ ദൈവമായാണ് സച്ചിൻ ടെണ്ടുൽക്കറെ കണക്കാക്കുന്നത്. അങ്ങനെയൊന്ന് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഈ പരസ്യങ്ങൾ നിയമലംഘനമാണ്. 1887-ലെ 'ചൂതാട്ട നിരോധന നിയമം' പ്രാബല്യത്തിൽ വന്നപ്പോൾ ഇന്റർനെറ്റ് സംവിധാനം നിലവിലില്ലായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഇന്റർനെറ്റ് ലഭ്യമായ ഈ കാലഘട്ടത്തിൽ ഓൺലൈൻ റമ്മി സർക്കാർ അനുവദിക്കുന്നില്ല. അപ്പോൾ ഇത് എങ്ങനെ പരസ്യം ചെയ്യാനാകും. രാജ്യത്തെ നിയമം ലംഘിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ALSO READ: ശിക്ഷയില്‍ 'കോടതിക്ക് പോലും' ഇടപെടാനാകില്ല; റമ്മിക്ക് പൂട്ടിട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി
കഴിഞ്ഞവർഷമാണ് ഓൺലൈൻ റമ്മി ഗെയിമുകൾ നിരോധിച്ചുകൊണ്ട് തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയത്. ഓൺലൈൻ റമ്മി വാതുവയ്‌പ്പില്‍ അകപ്പെട്ട് ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. റമ്മി, പോക്കർ ഓൺലൈൻ ഗെയിമുകൾ നിരോധിച്ചതിന്‍റെ ഭാഗമായി കമ്മിഷൻ നൽകുന്ന ശിക്ഷകളിൽ കോടതിക്ക് പോലും ഇടപെടാൻ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്‌തമാക്കിയിരുന്നു. ഓൺലൈൻ ചൂതാട്ട ഗെയിമുകള്‍ അതിവേഗത്തില്‍ ആസക്തിയുണ്ടാക്കാന്‍ കഴിവുള്ളതും പൊതുക്രമത്തില്‍ വിവിധ തരത്തിലുള്ള ഭീഷണികളും വര്‍ധിപ്പിക്കുന്ന സാഹചര്യവും കണക്കിലെടുത്തായിരുന്നു നടപടി.