ചെന്നൈ (തമിഴ്‌നാട്) : ചെന്നൈ തീരത്തെ മിഷോങ് ചുഴലിക്കാറ്റിന്‍റെ (cyclonic storm Michaung Tamil Nadu) പശ്ചാത്തലത്തില്‍ നാളെ (ഡിസംബര്‍ 5) പൊതു അവധി പ്രഖ്യാപിച്ചു (public holiday in Chennai due cyclonic storm Michaung). ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് നാളെ സംസ്ഥാന സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചത്. പൊലീസ്, ഫയര്‍ സര്‍വീസ്, തദ്ദേശ സ്ഥാപനങ്ങള്‍, പാല്‍-ജല വിതരണം, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, വൈദ്യുതി വിതരണം, ഗതാഗതം, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ സാധാരണ പോലെ പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദേശം.
ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതി ശക്തമായ മഴയാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത് (heavy rain in Tamil Nadu after cyclonic storm Michaung). കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മിഷോങ് ചുഴലിക്കാറ്റ് ഇന്ന് രാവിലെ 8.30ന് ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ കിഴക്ക്-വടക്ക് കിഴക്കായി തീവ്രചുഴലിക്കാറ്റായി മാറി. പിന്നാലെ അതി ശക്തമായ മഴയാണ് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്‌തത്. നാളെയും ശക്തമായ മഴയ്‌ക്കുളള സാധ്യതയാണ് നിലവില്‍ കണക്കാക്കുന്നത്. തമിഴ്‌നാടിന് പുറമെ പുതുച്ചേരിയിലും അതി ശക്തമായ മഴയാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിന്‍റെ തീര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്.