വാഷിങ്ടണ്‍: പബ്‌ജി പ്രേമികൾക്ക് സന്തോഷ വാർത്ത. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പബ്‌ജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന പേരിലാണ് ഗെയിമിങ് ആരാധകരുടെ പ്രിയപ്പെട്ട പബ്‌ജി തിരിച്ചെത്തുന്നത്. ഗെയിം നിർമ്മാതാക്കളായ ക്രാഫ്റ്റൺ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെയ് 18 മുതൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യയുടെ പ്രീ-റജിസ്ട്രേഷനുകൾ ആരംഭിച്ചിരുന്നു.
തിരിച്ചെത്തുന്നത് ഒട്ടേറെ മാറ്റങ്ങളോടെ
ഇന്ത്യയിൽ നിരോധിച്ച വേർഷനിൽ നിന്ന് ഒട്ടേറെ മാറ്റങ്ങളോടെയാണ് പബ്‌ജി തിരിച്ചെത്തുന്നത്. പബ്‌ജി ഗെയ്മിനെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് റീബ്രാൻഡ് ചെയ്താണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ വരവ്. മൾട്ടി പ്ലെയർ ഗെയിമിങ് എക്‌സ്പീരിയൻസ് നൽകുന്ന ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഗെയിം ആണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നാണ് ക്രാഫ്റ്റണിൻ്റെ അവകാശവാദം.
രക്തത്തിന്‍റെ നിറം പച്ച
പ്രാദേശിക ആവശ്യങ്ങളും, വികാരങ്ങളും മാനിച്ച് തയ്യാറാക്കിയിരിക്കുന്ന പുത്തൻ ഗെയിമിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലും പശ്ചാത്തലത്തിലും ഇന്ത്യൻ സ്റ്റൈലാണ് കമ്പനി ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റം ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യയിൽ രക്തത്തിന്‍റെ നിറം ചുവപ്പിന് പകരം പച്ചയാക്കി മാറ്റിയിരിക്കുന്നു എന്നതാണ്.
മാത്രമല്ല പബ്‌ജിയിലെ പല മാപ്പുകളും പേരിൽ മാറ്റം വരുത്തി ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയിൽ ചേർത്തിട്ടുണ്ട്. പബ്‌ജി പ്രേമികൾക്ക് ഏറ്റവും നിരാശ നൽകുന്നത്, ചൈനയിലേത് പോലെ ഇന്ത്യക്കുള്ളിൽ മാത്രമേ ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ കളിക്കാൻ സാധിക്കൂ എന്നതാണ്.
പബ്‌ജി നിരോധനം
ലഡാക്കില്‍ ചൈന പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പബ്‌ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഐടി നിയമത്തിന്‍റെ 69 എ വകുപ്പ് പ്രകാരമാണു മൊബൈല്‍ ഗെയിമായ പബ്‌ജി ഉള്‍പ്പെടെ നിരോധിച്ചതെന്നാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചത്.