ന്യൂഡല്‍ഹി : റെസ്‌ലിങ് ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) മേധാവിയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന ഗുസ്‌തി താരങ്ങളെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ അത്‌ലറ്റുമായ പി.ടി ഉഷ. റെസ്‌ലിങ് താരങ്ങള്‍ സമരം ആരംഭിച്ച് പതിനൊന്നാം ദിവസമായ ബുധനാഴ്‌ചയാണ് പി.ടി ഉഷ ഇവരെ കാണാനെത്തിയത്. അതേസമയം സന്ദര്‍ശനത്തിനിടെ താരങ്ങള്‍ പിടി ഉഷയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തി. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിന് പുറപ്പെട്ടത് അച്ചടക്കമില്ലായ്‌മയായി പോയി എന്ന ഉഷയുടെ പ്രസ്‌താവന വിവാദമായിരുന്നു.
താരങ്ങളെ കണ്ടുമടങ്ങി പി.ടി ഉഷ :മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് പി.ടി ഉഷ റെസ്‌ലിങ് താരങ്ങളെ കണ്ടുമടങ്ങിയത്. എന്നാല്‍ പി.ടി ഉഷ തങ്ങളെ വന്ന് കാണുകയും പിന്തുണ ഉറപ്പുനല്‍കുകയും ചെയ്‌തതായി ബജ്‌റംഗ് പുനിയ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ ആത്യന്തികമായി കായിക താരമാണെന്നും തുടര്‍ന്നാണ് അഡ്‌മിനിസ്‌ട്രേറ്ററാകുന്നതെന്നും അവര്‍ പറഞ്ഞതായി പുനിയ അറിയിച്ചു. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വിഷയത്തില്‍ നീതി ലഭ്യമാക്കുന്നതിന് തങ്ങളെ സഹായിക്കുമെന്നും അവര്‍ ഉറപ്പുനല്‍കിയതായും പുനിയ വിശദീകരിച്ചു.
വിവാദത്തിന് തിരികൊളുത്തിയ പരാമര്‍ശം :ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി തെരുവിലിറങ്ങുന്നതിന് പകരം ഗുസ്‌തി താരങ്ങള്‍ അധികൃതരെ നേരത്തെ സമീപിക്കേണ്ടതായിരുന്നുവെന്നായിരുന്നു പി.ടി ഉഷയുടെ ആദ്യ പ്രതികരണം. ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) ഒരു കമ്മിറ്റിയുണ്ട്. തെരുവിലിറങ്ങുന്നതിന് പകരം അവർക്ക് ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നു. കായിക മേഖലയ്ക്ക് ഈ രീതി നല്ലതല്ല. ഗുസ്‌തി താരങ്ങള്‍ കുറച്ച് അച്ചടക്കം കാണിക്കണമായിരുന്നുവെന്നും ഉഷ അഭിപ്രായപ്പെട്ടിരുന്നു.