ഹൈദരാബാദ്:ഇതുപോലൊരു കേസ് ഇതാദ്യമാണെന്ന് തെലങ്കാനയിലെ പൊലീസുകാരെ കൊണ്ട് പറയിപ്പിച്ച അതിദാരുണമായ സംഭവം. പകല്‍ മുഴുവന്‍ വഴിയോരങ്ങളില്‍ ഭിക്ഷ യാചിച്ച് നടക്കും. രാത്രിയായാല്‍ വഴിയോരങ്ങളിലും കടത്തിണ്ണകളിലും കിടന്നുറങ്ങുന്നവരെ ക്രൂരമായി കൊലപ്പെടുത്തും. കൊലപാതകം നടത്തുന്നതാകട്ടെ മദ്യവും കഞ്ചാവും വാങ്ങാന്‍ പണമില്ലാതാകുമ്പോള്‍. കൊലപാതകത്തിന് ശേഷം പണം കൈക്കാലാക്കി കടന്നു കളയും. എന്നാല്‍ ഒടുക്കം ഇയാള്‍ പൊലീസിന്‍റെ വലയിലായി.
ഹൈദരാബാദിലെ സബർബ് മൈലാർദേവ്പള്ളിയില്‍ വച്ച് ഇന്നലെയാണ് സൈക്കോ കില്ലറെ പൊലീസ് അറസ്റ്റ് ചെയ്‌തത്. രംഗറെഡ്ഡി ജില്ലയിലെ രാജേന്ദ്ര നഗര്‍ മാണിക്യമ്മ കോളനി നിവാസിയായ ബഗാരി പ്രവീണ്‍ (34) എന്നയാളാണ് അറസ്റ്റിലായത്. കൊലപാതകത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക ദൃശ്യം പൊലീസിന് ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
14 ദിവസത്തിനിടെ ഇയാള്‍ മൂന്ന് പേരെയാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് മൈലാർദേവ്പള്ളി പൊലീസ് പറഞ്ഞു. 2014ലെ മറ്റൊരു കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് കൊലപാതകങ്ങള്‍ നടത്തിയത്. ഇയാള്‍ക്കെതിരെ നിലവില്‍ എട്ട് കൊലപാതക കേസുകളും ഒരു ബാലാത്സംഗവും അഞ്ച് കവര്‍ച്ച കേസുകളും ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഡിസിപി ജഗദീശ്വർ റെഡ്ഡി പറഞ്ഞു. 500 രൂപ ആവശ്യമുള്ളപ്പോഴെല്ലാം പ്രതി കൊലപാതകങ്ങൾ നടത്തുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി ഡിസിപി പറഞ്ഞു. മദ്യവും മയക്കും മരുന്നും ഉപയോഗിച്ച് റോഡുകളിലെല്ലാം കറങ്ങി നടക്കുന്ന ഇയാള്‍ രാത്രി അല്‍പ സമയം ഉറങ്ങിയതിന് ശേഷമാണ് കൊലപാതകങ്ങള്‍ നടത്തുന്നത്.
ഈ മാസം മൂന്ന് കൊലപാതകം: ജൂണ്‍ 7ന് മെലാര്‍ദേവ് പള്ളി നേതാജി നഗറിലെ റെയില്‍വേ ട്രാക്കിന് സമീപം കിടന്നുറങ്ങിയ യാചകനെ ഇയാള്‍ തലക്കടിച്ച് കൊലപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. ജൂണ്‍ 21ന് പണത്തിനായി ഇയാള്‍ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയിട്ടുണ്ട്.