ഹൈദരാബാദ് :ഇറാന്‍റെ ഹിജാബ് നിയമങ്ങള്‍ പാലിക്കാത്തതിന് ടെഹ്‌റാനില്‍ അറസ്‌റ്റിലായി സദാചാര പൊലീസായ 'ഗാഷ്-ഇ എർഷാദ്' ന്‍റെ മര്‍ദനത്തിനിരയായ 22 കാരി മഹ്‌സ അമിനി കൊല്ലപ്പെട്ടത് ലോകം ഞെട്ടലോടെയാണ് കേട്ടത്. പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് കോമയിലിരിക്കെയായിരുന്നു മഹ്‌സയുടെ അന്ത്യം. ഇതിന് പിന്നാലെ ഇറാനില്‍ സ്‌ത്രീകള്‍ മുഖപടം നീക്കിയും മുടി മുറിച്ചും നിരവധി പ്രതിഷേധ രീതികള്‍ നടത്തിവരുന്നുണ്ട്. മഹ്‌സ അമിനിയുടെ മരണത്തോടെ വിഷയം ആഗോളതലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
1979ല്‍ ഹിതപരിശോധനയിലൂടെ ആയത്തുള്ള ഖൊമൈനിയുടെ ഇസ്‌ലാമിക് റെസിസ്‌റ്റന്‍സ് മൂവ്‌മെന്‍റ് ഇറാന്‍റെ നിയന്ത്രണമേറ്റെടുത്തതോടെ സ്‌ത്രീകള്‍ തലമറയ്‌ക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്ത് ഹിജാബടക്കമുള്ള നിയമങ്ങള്‍ പരിശോധിക്കുന്നതും നടപ്പിലാക്കുന്നതും 2005ല്‍ സ്ഥാപിതമായ സദാചാര പൊലീസാണ്. ഇറാനിയൻ സ്‌ത്രീകളുമായി ബന്ധപ്പെട്ട ഹിജാബ് നിയമങ്ങൾക്കും മറ്റ് അവകാശ പ്രശ്‌നങ്ങൾക്കുമെതിരെ ശബ്‌ദമുയർത്തിയതിന് നിലവില്‍ യുഎസില്‍ സ്ഥിരതാമസമാക്കിയ ഇറാനിയൻ പത്രപ്രവർത്തകൻ മസിഹ് അലിനെജാദിനെ 1994ൽ സർക്കാർ വിരുദ്ധ ലഘുലേഖകൾ അച്ചടിച്ചു എന്ന പേരില്‍ അറസ്‌റ്റ് ചെയ്‌തിരുന്നു.
Also Read:ഹിജാബിനെ സിഖുകാരുടെ തലപ്പാവിനോട് താരതമ്യം ചെയ്യരുത്: സുപ്രീം കോടതി
സോളോ ഗാനങ്ങൾക്കും വിലക്ക് :ഹിജാബ് മാത്രമല്ല ഇറാനിലെ സ്‌ത്രീകൾക്ക് ഒറ്റയ്ക്ക് സോളോ ഗാനങ്ങൾ ആലപിക്കാനും അനുവാദമില്ല. ഇതേ കാരണത്താല്‍ രാജ്യത്തെ മികച്ച ഗായികമാർ പുറംലോകത്തിന് അജ്ഞാതരാണ്. കാസ്‌പിയന്‍ കടലിനോട് ചേർന്ന് കിടക്കുന്ന ഗിലാൻ പ്രവിശ്യയിലെ റാഷ്‌ത് പോലെയുള്ള പ്രദേശങ്ങള്‍ യൂറോപ്യൻ രാജ്യങ്ങളേക്കാള്‍ ആധുനികത തോന്നിപ്പിക്കുമെങ്കിലും ഇവിടെയും സ്‌ത്രീകളുടെ അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങുണ്ട്. സര്‍ക്കാരിനെ ഭയന്ന് ഇവിടങ്ങളിലെ സ്‌ത്രീകള്‍ വീട്ടുമതിലുകള്‍ക്കിപ്പുറം പോലും വരാറുമില്ല.
മഹ്‌സയുടെ മരണത്തെ തുടർന്ന് ഇറാനില്‍ അരങ്ങേറുന്ന പ്രതിഷേധം പ്രധാനമായും സർക്കാരിനോടും സര്‍ക്കാരിന്‍റെ സ്‌ത്രീകളോടും മനുഷ്യാവകാശ നയങ്ങളോടുമുള്ള രോഷമാണ് വെളിപ്പെടുത്തുന്നത്. ഇറാന്‍റെ കര്‍ശനമായ മതനിയമങ്ങളെയെല്ലാം ഭേദിച്ച് പെണ്‍കുട്ടികള്‍ മുഖപടവും ശിരോവസ്‌ത്രവും വീശി പ്രതിഷേധിക്കുന്ന വീഡിയോ വൈറലായിരുന്നു. നിർഭയമായി പ്രതിഷേധിക്കാന്‍ ഇറാനിയൻ സ്‌ത്രീകൾ കാണിച്ച ധൈര്യം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
'ഇൻക്വിലാബ് തെരുവിലെ പെൺകുട്ടി' എന്നറിയപ്പെട്ട ഇറാനിയൻ വനിത വിദാ മോവഹെദ് 2017ൽ ഹിജാബ് ജനക്കൂട്ടത്തിന് മുന്നിൽ പതാകയായി വീശിയ സംഭവമാണ് പലരും ഇപ്പോഴത്തെ പ്രതിഷേധത്തോട് ചേര്‍ത്തുവയ്ക്കുന്നത്. നിലവിലെ പ്രതിഷേധത്തിനുള്ള ഊര്‍ജം ഇതാണെന്നും വിലയിരുത്തുന്നു. അന്നത്തെ പ്രതിഷേധത്തിന് 2018ൽ വിദാ മോവഹെദിനെ അറസ്‌റ്റ് ചെയ്യുകയും പിന്നീട് ഒരു മാസത്തിന് ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു.
Also Read:ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ മുസ്ലിം പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു, പൂര്‍ണ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിക്കെന്ന് ഗൗസിയ
ഭരണകൂടത്തിന്‍റെ നിലപാട് :നിലവിലെ പ്രതിഷേധം കടുത്തതോടെ വിഷയം കൂടുതൽ വഷളാകാതിരിക്കാന്‍ ഇറാന്‍ ഭരണകൂടം പ്രശ്‌നപരിഹാരം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഇബ്രാഹിം റൈസി, മഹ്‌സയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സമരം ചെയ്യുന്ന സ്‌ത്രീകള്‍ ഇതില്‍ തൃപ്‌തരല്ല. മഹ്‌സയുടെ മരണത്തിന് ഉത്തരവാദികളായ സദാചാര പൊലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇറാനില്‍ തീവ്ര ചിന്താഗതിക്കാരും ലിബറലുകളും തമ്മിലുള്ള തെറ്റിദ്ധാരണകൾ ദിവസം ചെല്ലുന്തോറും കുറഞ്ഞുവരുന്നുണ്ട്. മതനേതാക്കൾ ഭരിക്കുന്ന ഇറാനിലെ രണ്ട് പ്രധാന നഗരങ്ങളായ കോം, മഷാദ് എന്നിവിടങ്ങളിലെ സര്‍ക്കാരിന്‍റെ സമീപനങ്ങളിലും മാറ്റം പ്രകടമായി തുടങ്ങിയിട്ടുണ്ട്. സ്‌ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന രോഷത്തിന്‍റെ വ്യാപ്‌തി മനസിലാക്കി ഇറാന്‍റെ ആത്മീയ നേതാവ് ആയത്തുള്ള അലി ഖൊമൈനി ലിബറലുകളുടെ നിലപാട് തേടിയിരുന്നു.
Also Read:ശിരോവസ്‌ത്രമിടാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി, സ്‌കൂള്‍ മാറാന്‍ ശ്രമിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി
ഇന്ത്യയിലേക്കെത്തുമ്പോള്‍ ഒരു നിശ്ചിത ശതമാനം മുസ്ലിം സ്‌ത്രീകൾ ഹിജാബിന് വേണ്ടി വാദിക്കുകയും കർണാടകയിലെ സർക്കാർ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. കർണാടക സർക്കാരിന്‍റെ ഹിജാബ് വിലക്കിയ നിലപാട് നിർബന്ധിതമായി അടിച്ചേല്‍പ്പിച്ചതാണെങ്കില്‍ ഇറാനില്‍ അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള അടിച്ചമർത്തലാണ്. ഇറാനില്‍ മഹ്‌സക്ക് സംഭവിച്ചത് അപലപനീയമാണെങ്കില്‍ കര്‍ണാടകയില്‍ ഹിജാബ് ധരിച്ചതിന് ഗൗസിയ മസ്‌കാന്‍ എന്ന കോളജ് വിദ്യാര്‍ഥി നേരിട്ട വെല്ലുവിളികളും സമാനമാണ്.