കാബൂൾ : അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാനെതിരെ പ്രതിഷേധ പ്രകടനവുമായി സ്ത്രീകൾ ഉൾപ്പെടെ 100ഓളം പേര്‍. 'സ്വാതന്ത്ര്യം' എന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു പ്രകടനം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പാകിസ്ഥാൻ രാജ്യം വിടണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉന്നയിച്ചു. കാബൂളിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിൽ പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെയുള്ള സംഘം തടിച്ചുകൂടി. സ്വതന്ത്ര മാധ്യമപ്രവർത്തനം താലിബാൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പ്രതിഷേധം ചിത്രീകരിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കിയതായാണ് റിപ്പോര്‍ട്ട്.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാൻ ഭീകരര്‍ ആകാശത്തേക്ക് വെടിയുതിർത്തു. പരിഭ്രാന്തരായ ജനങ്ങൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെടുന്നത് ദൃശ്യങ്ങളിൽ കാണാം. അഫ്‌ഗാനിസ്ഥാൻ നാഷണൽ റെസിസ്റ്റൻസ് നേതാവ് അഹ്മദ് മസൂദ് ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് ജനം തെരുവിലിറങ്ങിയത്.
Also Read: കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഇഡി അന്വേഷണം, കെടി ജലീലിനെ തള്ളി പിണറായി
പാകിസ്ഥാൻ താലിബാനുമായി കൈകോർക്കുന്നുവെന്ന അഭ്യൂഹങ്ങൾ വന്നതിനുശേഷം അഫ്‌ഗാനിൽ പാകിസ്ഥാനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പാക് ഇന്‍റലിജൻസ് മേധാവി ലഫ്റ്റനന്‍റ് ജനറൽ ഫായിസ് ഹമീദുമായി കൂടിക്കാഴ്‌ച നടത്തിയതായി താലിബാൻ അധികൃതര്‍ ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു.