മുംബൈ:വിലെ പാർലെ റെയിൽവേ പ്രദേശത്തെ മരം മുറിച്ചതിനെതിരെ പ്രതിഷേധിച്ചയാളെ പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് പിടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ വൈറൽ. അഭയ് ആസാദ് എന്ന യുവാവിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്. കഴുത്തിൽ കുത്തിപ്പിടിച്ചും മുടിയിൽ പിടിച്ചു വലിച്ചും വാഹനത്തിലേക്ക് കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം.
മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള റെയിൽവേ പ്രദേശത്ത് നിന്ന് മരം മുറിക്കാൻ അനുമതി നൽകിയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി വിവിധ വികസന പ്രവർത്തനങ്ങൾക്കായി വിലെ പാർലെ മേഖലയിലെ മരങ്ങൾ മുറിക്കുന്നുണ്ട്. ഇവിടുത്തെ ഗാഥൻ മേഖലയിൽ റോഡിന് വീതി കൂട്ടുന്നതിനായി മുനിസിപ്പൽ കോർപറേഷൻ 100 വർഷം പഴക്കമുള്ള മരം മുറിക്കുന്നത് ചോദ്യം ചെയ്യാൻ ചെന്നതായിരുന്നു അഭയ് ആസാദ്. അതിനിടെയാണ് പൊലീസ് അഭയ് ആസാദിനെ അറസ്റ്റ് ചെയ്‌ത് ബലം പ്രയോഗിച്ച് വാനിലേക്ക് പിടിച്ചുകയറ്റിയത്.
തുടർന്ന് അഭയ് ആസാദിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് വിട്ടയച്ചു. സംഭവത്തിൽ മുംബൈ പൊലീസ് ക്ഷമാപണം നടത്തുകയുണ്ടായി.