വാരാണസി (ഉത്തര്‍ പ്രദേശ്):രാജ്യത്ത് അഗ്നിപഥിനെതിരെ യുവജനങ്ങളുടെ പ്രതിഷേധം കനക്കുന്നു. 'വന്ദേ മാതരം, അഗ്നിപഥ് വാപസ് ലോ (അഗ്നിപഥ് പിന്‍വലിക്കുക)' എന്ന ആവശ്യവുമായി ആയിരങ്ങളാണ് ഉത്തരേന്ത്യയില്‍ തെരുവില്‍ ഇറങ്ങുന്നത്. ഉത്തര്‍ പ്രദേശില്‍ സംസ്ഥാന വ്യാപകമായി രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധത്തില്‍ ട്രെയിനുകളും പൊതു ഗതാഗത സംവിധാനങ്ങളും റോഡുകളും സംഘര്‍ഷഭരിതമാണ്.
ആയിരക്കണക്കിന് യുവാക്കളാണ് കല്ലെറിയാനും പൊലീസിനെതിരെ പ്രതിഷേധിക്കാനുമായി രംഗത്തുള്ളത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും ട്രെയിനുകള്‍ റദ്ദാക്കി. ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയില്‍ പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തി. റോഡില്‍ നിറയെ കല്ലുകളും മരങ്ങളും കൂട്ടിയിട്ടിരിക്കുകയാണ്. പലയിടങ്ങളിലും വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത വിധം റോഡില്‍ തീയിട്ടും പ്രതിഷേധം കനപ്പിക്കുകയാണ് യുവാക്കള്‍.
റെയില്‍വേ സ്റ്റേഷനുകള്‍ തീഗോളമായി:വാരാണസി, ഫിറോസാബാദ്, അമേഠി തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. വീര്‍ ലോറിക്ക് സ്റ്റേഡിയത്തില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ബല്ലിയ റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സ്റ്റേഷനില്‍ എത്തിയ യുവാക്കള്‍ ബല്ലിയ വാരാണസി മെമു, ബല്ലിയ ഷഹഗഞ്ച് ട്രെയിനുകള്‍ തടഞ്ഞു. സമീപത്തെ കടകള്‍ അടിച്ചു തകര്‍ത്ത പ്രതിഷേധക്കാര്‍ റെയില്‍വേ ഗോഡൗണിലേക്ക് കല്ലെറിഞ്ഞു.
പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസിന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അക്രമികളുടെ നീക്കം പൊലീസ് നേരിട്ടതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ബല്ലിയ റെയില്‍വേ സ്റ്റേഷന്‍ ഒരു ഭാഗം പ്രതിഷേധക്കാര്‍ തീയിട്ടതായി പൊലീസ് സൂപ്രണ്ട് രാജ് കരണ്‍ നയ്യാര്‍ പറഞ്ഞു. പ്രതിഷേധങ്ങളുടെ വീഡിയോ പൊലീസ് ശേഖരിക്കുന്നുണ്ടെന്നും അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.