രാജസ്ഥാൻ :പഠിക്കുന്ന സ്ഥാപനത്തിൽ നാഷണൽ കേഡറ്റ് കോർപ്‌സ് (NCC) യൂണിറ്റ് വേണമെന്ന ആവശ്യവുമായി 14 പെൺകുട്ടികൾ വാട്ടർ ടാങ്കിനുമുകളിൽ കയറി പ്രതിഷേധിച്ചു. ഭരത്പൂർ എംഎസ്ജെ കോളജിലെ വിദ്യാർഥിനികളാണ് തങ്ങളുടെ സ്ഥാപനത്തിൽ എൻസിസി യൂണിറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയോടെ വാട്ടർ ടാങ്കിനുമുകളിൽ കയറിയത് (Protest Demanding NCC Unit).
കോളജ് അധികൃതരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രമേ താഴെ ഇറങ്ങാൻ തയ്യാറാവുകയുളളൂ എന്ന് വിദ്യാർഥികൾ പറഞ്ഞു. അതേസമയം എംഎസ്ജെ കോളജ് വിദ്യാർഥികൾ ഏറെക്കാലമായി എൻസിസി യൂണിറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആൺകുട്ടികളെപ്പോലെ തങ്ങൾക്കും എൻസിസി യൂണിറ്റ് ഉണ്ടായിരിക്കണമെന്നും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരം ലഭിക്കണമെന്നും കോളജ് അധികൃതരോട് പറഞ്ഞിരുന്നു.
എന്നാൽ കോളജ് അധികൃതർ ഇവരുടെ ആവശ്യം പരിഗണിക്കാത്തതിനെ തുടർന്നായിരുന്നു വാട്ടർ ടാങ്കിന് മുകളിൽ കയറി പെണ്‍കുട്ടികൾ പ്രതിഷേധിച്ചത്. അധികൃതരോട് തങ്ങളുടെ കോളജിൽ എൻസിസി യൂണിറ്റ് വേണമെന്നാവശ്യപ്പെടുന്ന വീഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
വിവരമറിഞ്ഞ് പൊലീസും ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പെൺകുട്ടികൾ വാട്ടർ ടാങ്കിന് മുകളിൽ നിന്നും ഇറങ്ങാൻ വിസമ്മതിച്ചതോടെ ഇവരുടെ ആവശ്യം പരിശോധിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ടാങ്കിൽ നിന്ന് ഇറക്കാൻ വേണ്ടി വിദ്യാർഥിനികളെ ബോധ്യപ്പെടുത്താനും പ്രേരിപ്പിക്കാനുമുളള ശ്രമങ്ങൾ തുടങ്ങിയിരുന്നു.
എന്നാൽ വിദ്യാർഥിനികൾ തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിന്ന് പ്രതിഷേധം അറിയിക്കുകയായിരുന്നു. അതേസമയം എംഎസ്‌ജെ കോളജിൽ പെൺകുട്ടികൾക്കായി എൻസിസി യൂണിറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് എബിവിപി പ്രവർത്തകരും കോളജിൽ സമരം നടത്തിയിരുന്നു.
കോളജിൽ എൻസിസി യൂണിറ്റ് തുടങ്ങാൻ മുൻകൈയെടുക്കാതെ അധികാരികൾ കാലങ്ങളായി തെറ്റായ ഉറപ്പുകൾ നൽകി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിദ്യാർഥികൾ പറഞ്ഞു. കോളജ് അധികൃതർ ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ടാങ്കിന് മുകളിൽ കയറിയുളള സമരം തുടരുമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു പെൺകുട്ടി പറഞ്ഞു.