സികാർ :രാജസ്ഥാൻ നിയമസഭ പാസാക്കിയ ആരോഗ്യ അവകാശ നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡോക്‌ടറായ യുവതി. സികാറിലെ നവൽഗഡ് റോഡിൽ സ്വകാര്യ ആശുപത്രി നടത്തുന്ന ഡോ. അനിതയാണ് വ്യത്യസ്‌ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം ആശുപത്രി പൂട്ടി അതിന് മുന്നിൽ പാനിപൂരി വിറ്റുകൊണ്ടായിരുന്നു സമരം.
ഇതിന്‍റെ ഭാഗമായി അവര്‍ പേര് അനിത പുച്ച്‌ക വാലി (പാനിപൂരി) എന്നാക്കുകയും ചെയ്‌തു. ഖിച്ചാഡ് ഹോസ്‌പിറ്റൽ എന്നത് മാറ്റി പുച്ച്ക ഭണ്ഡാർ എന്നാക്കി അനിത ബോർഡും സ്ഥാപിച്ചു. രാജസ്ഥാൻ നിയമസഭ പാസാക്കിയ ആരോഗ്യ അവകാശ നിയമം സംസ്ഥാനത്തെ ഓരോ താമസക്കാരനും എല്ലാ പൊതുജനാരോഗ്യ സ്ഥാപനങ്ങളിലും മുന്‍കൂര്‍ പണമടയ്ക്കാതെ അടിയന്തര ചികിത്സയ്ക്കുള്ള അവകാശം നൽകുന്നു. എന്നാല്‍ രാജസ്ഥാനിൽ നിയമം നടപ്പാക്കിയത് സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ രംഗത്തെ ഡോക്‌ടർമാർ ശക്തമായ പ്രതിഷേധത്തിലാണ്.
എന്നാൽ പ്രതിഷേധത്തിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രി നടത്തുന്ന ഡോ. അനിത നിരാഹാര സമരം നടത്തുകയോ റോഡ് ഉപരോധിക്കുകയോ ചെയ്‌തില്ല. മറിച്ച് പരിഹാസ രൂപത്തിലായിരുന്നു അനിതയുടെ പ്രതിഷേധം. ആരോഗ്യ അവകാശ ബിൽ പാസാക്കുന്നതിന് മുമ്പ് നോർമൽ ഡെലിവറി, ഓപ്പറേഷൻ, വന്ധ്യംകരണം തുടങ്ങിയ സേവനങ്ങൾ നടത്തിയിരുന്ന ആശുപത്രിയായിരുന്നു ഖിച്ചാഡ്. ഇതിനെയാണ് പ്രതിഷേധിക്കാനായി പാനിപൂരി, മധുരപലഹാരങ്ങൾ, തൈര് എന്നിവ വിൽക്കുന്ന കടയാക്കി പ്രതീകവത്കരിച്ചത്.
എന്താണ് ആരോഗ്യ അവകാശ നിയമം : മുൻകൂർ പണം അടയ്‌ക്കാതെ സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അടിയന്തര ചികിത്സ ലഭ്യമാക്കുന്നതാണ് ആരോഗ്യ അവകാശ നിയമം. സ്വകാര്യ ഡോക്‌ടർമാരുടെ പ്രതിഷേധത്തിനിടയിലാണ് രാജസ്ഥാൻ നിയമസഭ നിയമം പാസാക്കിയത്.