ന്യൂഡല്‍ഹി: സായുധ സേനകളിലേക്ക് നാലുവര്‍ഷത്തേക്ക് സേവനം നല്‍കുന്ന കേന്ദ്രസര്‍ക്കാറിന്‍റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ഡല്‍ഹിയിലും പ്രതിഷേധം. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന നന്‍ഗ്ലോയി റെയില്‍വെ സ്റ്റേഷനിലാണ് 20ഓളം വരുന്ന ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളികളുമായി റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കുകളില്‍ ഇവര്‍ കിടക്കുകയായിരുന്നു.
ഇന്ന് രാവിലെ 9.45 നാണ് പ്രതിഷേധം നടന്നത്. റെയില്‍വെ റിക്രൂട്ട്മെന്‍റ് പരീക്ഷ വൈകുന്നതിനെതിരെയും ഇവര്‍ പ്രതിഷേധിച്ചു. പല സര്‍ക്കാര്‍ ജോലികള്‍ക്കും അപേക്ഷ നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും അവയുടെ പരീക്ഷകള്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് എത്തി ട്രാക്കുകളില്‍ നിന്ന് മാറ്റി.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. കര, നാവിക, വ്യോമസേനകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തേക്ക് ജോലിക്കുള്ള അവസരമാണ് അഗ്‌നിപഥിലൂടെ ലഭ്യമാകുന്നത്. സൈന്യത്തിന്‍റെ പെന്‍ഷന്‍, ശമ്പള ഇനത്തിലെ ചെലവ് കുറയ്‌ക്കലാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും സൈന്യത്തിലേക്കുള്ള സ്ഥിരം ജോലി സാധ്യതകള്‍ ഇതുകാരണം കുറയുമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
ബിഹാറിലാണ് അഗ്‌നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നത്. ട്രെയിനുകള്‍ക്ക് തീയിട്ടും റെയില്‍-റോഡ് ഗതാഗതം സ്‌തംഭിപ്പിച്ചും ബിഹാറില്‍ പ്രതിഷേധം അക്രമാസക്‌തമായി. ബിഹാറിന് പുറമെ രാജസ്ഥാനിലും ജമ്മുകശ്‌മീരിലും പ്രതിഷേധം ശക്തമാണ്.
ALSO READ:അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു ; പലയിടത്തും സമരം അക്രമാസക്തം, ബിഹാറിൽ ട്രെയിനിന് തീവച്ചു