ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും 20 കോടി അനുവദിക്കാൻ നിർദേശവുമായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി റാവത്ത് ചർച്ച നടത്തി. പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്റർ വഴിയാണ് റേഷനും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നത്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളുടെ സ്ഥിതിഗതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് സർക്കാർ, ദുരന്തനിവാരണ, പൊലീസ്, കരസേന, ഐടിബിപി തുടങ്ങിയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഉത്തരാഖണ്ഡ് പ്രളയം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 കോടി അനുവദിക്കാൻ നിർദേശം - Uttarakhand glacier burst
രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി റാവത്ത് ചർച്ച നടത്തി. പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്റർ വഴിയാണ് റേഷനും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നത്
ജോഷിമത്തിന്‍റെ റെനി മേഖലയിൽ ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ ലഭ്യമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരിസ്ഥിതി ലോല മേഖലകളിൽ കൂടുതൽ പരിശോധന നടത്തണമെന്നും ഇത്തരം മേഖലകളിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പുറത്തിറക്കുമെന്നും കാണാതായവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു.
ഞായറാഴ്‌ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്ന് വീണ് വൻ ദുരന്തം സംഭവിച്ചത്. പ്രളയത്തെത്തുടർന്ന് നദീതീരത്തെ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. ദുരന്ത നിവാരണ സേനയും വിവിധ സേനാ വിഭാഗങ്ങളും നടത്തിയ തെരച്ചിലില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 170 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.