ലഖ്‌നൗ: ബിജെപി വക്താവ് നുപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തിനെതിരെ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്‍റെ മറവില്‍ അക്രമസംഭവങ്ങളിലേര്‍പ്പെട്ടുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം 304 ആയി. എട്ട് ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
അക്രമങ്ങളെ തുടർന്ന് ഒൻപത് ജില്ലകളിൽ 13 കേസുകൾ രജിസ്റ്റർ ചെയ്‌തതായി എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. അറസ്റ്റിലായവരിൽ 91 പേർ പ്രയാഗ്‌രാജിൽ നിന്നും, 71 പേർ സഹാരൻപൂരിൽ നിന്നും 21 പേർ ഹത്രാസ്, അംബേദ്‌കർ നഗർ, മൊറാദാബാദ് എന്നീ ജില്ലകളിൽ നിന്നും 34 പേർ വീതം, ഫിറോസാബാദിൽ നിന്നും 15 പേർ, അലിഗഡിൽ നിന്നും 6 പേർ, ജലൗനിൽ നിന്നും രണ്ട് പേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
രജിസ്റ്റർ ചെയ്‌ത 13 കേസുകളിൽ പ്രയാഗ്‌രാജ്, സഹരൺപൂർ എന്നിവിടങ്ങളിൽ മൂന്ന് കേസുകൾ വീതവും ഫിറോസാബാദ്, അംബേദ്‌കർ നഗർ, മൊറാദാബാദ്, ഹത്രാസ്, അലിഗഡ്, ലഖിംപൂർ ഖേരി, ജലൗൻ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. സംസ്ഥാനത്ത് അരങ്ങേറിയ അനിഷ്‌ട സംഭവങ്ങൾക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്‌ച മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ നടക്കുന്ന അക്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.