റാഞ്ചി: പ്രവാചക വിരുദ്ധ പരാമര്‍ശത്തെ തുടർന്നുണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ 144 പ്രഖ്യാപിച്ചു. കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പ്രദേശത്തെ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഗതാഗതവും പൂർണമായും നിശ്ചലമായ അവസ്ഥയിലാണ്.
നഗരത്തിൽ പ്രകടനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കും പൂർണമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാധ്യതകള്‍ മുൻനിർത്തി വൻ പൊലീസ് സന്നാഹവും വിവിധ മേഖലകളിൽ ക്യാമ്പ് ചെയ്യുകയാണ്. സംഘർഷ സാധ്യത പ്രദേശങ്ങളായ പലാമു ഗർവ, ലതേഹാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതയിലാണ് സേന.
വിദ്വേഷ പരാമർശങ്ങള്‍ പ്രചരിക്കുന്നത് തടയാൻ സമൂഹ മാധ്യമങ്ങളും കടുത്ത നിരീക്ഷണത്തിലാണ്. പല മേഖലകളിലും ഇന്‍റർനെറ്റ് സേവനം താൽകാലികമായി നിർത്തിവച്ചിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിച്ചതിന് കഴിഞ്ഞ ദിവസം ഹസാരിബാഗിൽ 150 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സംസ്ഥാനമൊട്ടാകെ കടുത്ത ജാഗ്രത പുലർത്താനാണ് പൊലീസിന് സർക്കാർ നിർദേശം. അതേസമയം തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളിൽ വിശ്വസിക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും മുഖ്യമന്ത്രി ഹേമന്ത് സോറനും സംസ്ഥാന ഡിജിപിയും ജനങ്ങളോട് അഭ്യർഥിച്ചു. നബി വിരുദ്ധ പരാമർശത്തെ തുടർന്നാണ് ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ വൻ സംഘർഷമുണ്ടായത്.
പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പ്പിലുമായി രണ്ട് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സംഭവത്തിൽ 12 പൊലീസുകാർക്കും പരിക്കേറ്റിരുന്നു.