ജയ്‌പൂർ: 'പ്രൊജക്‌റ്റ് ചീറ്റ' രാജസ്ഥാൻ ടൂറിസത്തിന് ഗുണം ചെയ്യുമെന്ന് വിദഗ്‌ദർ. ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ എത്തിയ ചീറ്റകൾ സംസ്ഥാനത്തിന്‍റെ ആകർഷണമാണെന്നും നാഷണൽ പാർക്ക് ആഗോള പ്രശസ്‌തിയിലേക്ക് കുതിക്കുകയാണെന്നും വിദഗ്‌ദർ പറഞ്ഞു. അടുത്തിടെയാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ-പൽപൂർ ദേശീയോദ്യാനത്തിൽ എത്തിച്ചത്.
രാജസ്ഥാനിലെ കടുവ ടൂറിസം കേന്ദ്രമായ രന്തംബോറിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയാണ് കുനോ-പൽപൂർ ദേശീയ ഉദ്യാനത്തിന്‍റെ കരാഹൽ. സവായ് മധോപൂർ ഏറ്റവും അടുത്തുള്ള റെയിൽവേ ജങ്‌ഷൻ കൂടിയാണ്. നാഷണൽ പാർക്ക് പൂർണമായും തുറക്കുന്നതും പുതിയ ഡൽഹി-മുംബൈ സൂപ്പർ ഹൈവേ സവായ് വഴി കടന്നുപോകുന്നതും രന്തംബോറിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും വർധിക്കാൻ കാരണമാകുമെന്ന് ഫെഡറേഷൻ ഓഫ് ഹോസ്‌പിറ്റാലിറ്റി ആൻഡ് ടൂറിസം ഓഫ് രാജസ്ഥാൻ എക്‌സിക്യൂട്ടീവ് അംഗം ബാലേന്ദു സിങ് പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ മേഖലയിലെ നിഷേപം വർധിക്കുമെന്നും ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാവുകയും പ്രദേശവാസികളുടെ ജീവിതനിലവാരം വർധിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ടൂറിസം മേഖലയായ രൺതമ്പോറിലേക്ക് പ്രതിവർഷം ഏകദേശം അഞ്ച് ലക്ഷം വിനോദസഞ്ചാരികൾ വരെ യാത്ര ചെയ്യുന്നുണ്ട്. 'പ്രൊജക്‌റ്റ് ചീറ്റ' വിജയകരമാകുന്നതോടെ ഈ മേഖലയിൽ പുതിയ ഹോട്ടലുകളും റിസോർട്ടുകളും അനുബന്ധ വ്യവസായങ്ങളും നിർമിക്കപ്പടും.