സീതാമർഹി: കോളേജ് പ്രൊഫസര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ബിഹാറിലെ സിതാമർഹി ജില്ലയിലാണ് സംഭവം. രാധാകൃഷ്‌ണ ഗോയങ്ക കോളേജ് സിതാമർഹിയിലെ പ്രൊഫ. രവി പഥകിനാണ് വെടിയേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോളേജ് പ്രൊഫസറെ കോളേജ് പരിസരത്ത് വെച്ച് അജ്ഞാതരായ അക്രമികൾ വെടിവെച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ചൊവ്വാഴ്‌ച (31-10-23) ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കോളേജിനകത്തേക്ക് അതിക്രമിച്ച് കയറിയ അക്രമികൾ പ്രൊഫ രവി പഥക്കിനെ അദ്ദേഹത്തിന്‍റെ ചേമ്പറിനുള്ളിൽ വെച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സംഭവത്തിന്‍റെ ദൃക്‌സാക്ഷിയായ ആനന്ദ് വിഹാരി സിംഗ് പറഞ്ഞു. കോളേജ് പരിസരത്തുണ്ടായ വെടിവെപ്പ് പരിഭ്രാന്തിയും ആശങ്കയും സൃഷ്‌ടിച്ചു.
സംഭവം അറിഞ്ഞയുടൻ കോളേജിൽ ഉണ്ടായിരുന്ന മറ്റ് പ്രൊഫസർമാരും ജീവനക്കാരും ചേർന്ന് പ്രൊഫസറെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചു. പ്രൊഫസർ രവി പഥക്കിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. താടിയെല്ലിൽ വെടിയേറ്റതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്ത തുടര്‍ന്ന് ആശുപത്രിയിൽ എത്തിയ ഡിഎസ്‌പി റാം കൃഷ്‌ണ സംഭവത്തെ കുറിച്ച് അവിടെയുണ്ടായിരുന്നവരോട് ചോദിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തി വരികയാണെന്ന് ഡിഎസ്‌പി പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സിതാമർഹിയിലെ രാധാകൃഷ്‌ണ ഗോയങ്ക കോളേജിലെ പ്രൊഫ. രവി പഥക് ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ എച്ച്‌ഒഡി കൂടിയാണ്. ഒക്‌ടേോബര്‍ 16 ന് ബീഹാറിലെ വൈശാലി ജില്ലയിൽ പോലീസുകാരനെ വെടിവെച്ച് കൊല്ലപ്പെടുത്തിയിരുന്നു. കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തി മൂന്ന് മണിക്കൂറിനുള്ളില്‍ പ്രതികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ALSO READ:മൂന്ന് മണിക്കൂറിന്‍റെ ആയുസ് മാത്രം, കോൺസ്റ്റബിളിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ലോഡ്‌ജില്‍ യുവാവ് വെടിയേറ്റ നിലയില്‍: യുവാവിനെ സ്വയം വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെ ആണ് തലക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്ത ഇയാൾ ഇന്ന് പുലർച്ചെ സ്വയം വെടിയുതിർത്തുവെന്നാണ് പൊലീസ് പറയുന്നത്.
സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടാണ് ഇയാൾ മുറി വാടകക്കെടുത്തത്. ഷംസുദ്ദീനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം കഴിഞ്ഞ ദിവസം പേരാമ്പ്ര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കോഴിക്കോട് നഗരത്തിലുണ്ടെന്ന് മനസിലായത്. തുടർന്ന് ഹോട്ടലിൻ്റെ വാതിലിൽ മുട്ടി വിളിച്ചിട്ട് തുറക്കാതായതോടെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് വെടിയേറ്റ് പരിക്കേറ്റ നിലയിൽ ഷംസുദ്ദീനെ കണ്ടെത്തിയത്. നിലവിൽ ഇയാൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ALSO READ:ഇവിഎം സുരക്ഷ സൈനികൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു