കൊല്‍ക്കട്ട:ബിക്കിനി ധരിച്ചുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തതിന് കൊല്‍ക്കത്തയിലെ സെന്‍റ് സേവിയേഴ്‌സ് സര്‍വകലാശാലയിലെ അധ്യാപികയെ പുറത്താക്കി. സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയുടെ പിതാവ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ തന്‍റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെയും യൂണിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെയും പരാതി കൊടുത്തിരിക്കുകയാണ് അധ്യാപിക.
അധ്യാപിക ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത ബിക്കിനി ചിത്രങ്ങള്‍ മൊബൈലില്‍ കണുന്നത് താന്‍ കണ്ടെന്ന് ബികെ മുകോപാദ്ധ്യായ എന്ന രക്ഷിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു വിദ്യാര്‍ഥി തന്നെ പഠിപ്പിക്കുന്ന അധ്യാപികയുടെ 'അശ്ലീല' ചിത്രങ്ങള്‍ കാണുന്നത് അപമാനകരമാണ്. ഇത്തരം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച അധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് അധ്യാപികയുടെ തീരുമാനം. യൂണിവേഴ്‌സിറ്റി നടപടിക്കെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്നുമെന്ന് പറഞ്ഞ അധ്യാപിക, തന്‍റെ ചിത്രം പ്രചരിപ്പിച്ചതില്‍ പൊലീസില്‍ പരാതിയും നല്‍കി.
തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റാണെന്ന് അധ്യാപിക പറഞ്ഞു. എന്ന് മാത്രമല്ല താന്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് 2021 ഒക്ടോബറില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തത്. ബിക്കിനി വേഷത്തില്‍ തന്‍റെ മുറിയില്‍ വച്ചെടുത്ത രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്‌തത്. 24 മണിക്കൂര്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ ആയുസ്. പിന്നെ എങ്ങനെയാണ് ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കണ്ടത്.
ഒന്നുകില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു. അല്ലെങ്കില്‍ ആരെങ്കിലും സ്ക്രീന്‍ ഷോട്ടെടുത്ത് പ്രചരിപ്പിച്ചു. രണ്ടാണെങ്കിലും കുറ്റകരമാണെന്ന് അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതികരിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായിട്ടില്ല.