വാഷിങ്ടൺ:അമൃത്പാൽ സിങ്ങിനെതിരായ പഞ്ചാബ് പൊലിസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ഖലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ ഞായറാഴ്‌ച സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചു. കഴിഞ്ഞ ദിവസം അമൃത്പാൽ സിങ്ങിനെതിരായ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കെട്ടിടത്തിന് പുറത്ത് ഖലിസ്ഥാൻ അനുയായികൾ ദേശീയ പതാക വലിച്ചെറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സാൻഫ്രാൻസിസ്കോയിലെ ആക്രമണം. 'ലണ്ടനിലെയും എസ്എഫ്‌ഒയിലെയും ക്രമസമാധാന തകർച്ച ഞങ്ങളെ അസ്വസ്ഥരാക്കുന്നു. ചില തീവ്ര വിഘടനവാദികൾ ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങളെയാണ് പിന്നോട്ടടിക്കുന്നത്', ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസ് (എഫ്ഐഐഡിഎസ്) സംഭവത്തിൽ പ്രതികരിച്ചു.
ഇതിന് ഉത്തരവാദികളായവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർ രംഗത്ത് വന്നു. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി എത്തിയ പ്രതിഷേധക്കാർ സിറ്റി പൊലീസ് ഉയർത്തിയ താത്‌കാലിക സുരക്ഷ തടസ്സങ്ങൾ തകർത്ത് കോൺസുലേറ്റിനുള്ളിൽ ഖലിസ്ഥാനി പതാകകൾ സ്ഥാപിച്ചു. രണ്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഈ പതാകകൾ നീക്കം ചെയ്‌തു. തൊട്ടുപിന്നാലെ, രോഷാകുലരായ ഒരു കൂട്ടം പ്രതിഷേധക്കാർ കോൺസുലേറ്റ് വളപ്പിലേക്ക് പ്രവേശിച്ച് അവരുടെ കയ്യിലുണ്ടായിരുന്ന വടി ഉപയോഗിച്ച് വാതിലിലും ജനലുകളിലും അടിക്കുവാൻ ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് സാൻഫ്രാൻസിസ്കോ പൊലീസിൽ നിന്ന് ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. സാൻഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ഓഫ് ഇന്ത്യയുടെ കെട്ടിടത്തിന് നേരെ ഖലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ നടത്തിയ ആക്രമണത്തെ കമ്മ്യൂണിറ്റി നേതാവ് അജയ് ഭൂട്ടോറിയ ശക്തമായി അപലപിച്ച് രംഗത്ത് വന്നിരുന്നു. 'ഈ അക്രമം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഭീഷണി മാത്രമല്ല, നമ്മുടെ സമൂഹത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും നേരെയുള്ള ആക്രമണം കൂടിയാണ്', അദ്ദേഹം പറഞ്ഞു. പ്രതിഷേധം നടത്തിയവർക്കെതിരെയും സംഘടനയുടെ പ്രാദേശിക നേതാക്കൾക്കെതിരെയും ഉടൻ നടപടിയെടുക്കണമെന്നും ഭൂട്ടോറിയ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.