ധർമ്മശാല (ഹിമാചൽ പ്രദേശ്) :ശനിയാഴ്ച ലോകകപ്പ് മത്സരത്തിന് വേദിയാകാനിരിക്കുന്ന ധർമ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമുള്ള ചുവരിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ കണ്ടെത്തി (Pro Khalistan Slogans in Dharamshala Ahead of World Cup Matches). ധർമ്മശാലയിലെ ജലസേചന വകുപ്പ് കെട്ടിടത്തിൻ്റെ മതിലിലാണ് ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പൊലീസ് പെട്ടെന്നുതന്നെ മതിലിൽ പുതിയ പെയിന്‍റടിച്ചു.
ധർമ്മശാല സ്റ്റേഡിയത്തിൽ ലോകകപ്പ് മത്സരങ്ങൾ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സംഭവം നടന്നതെന്ന് കാന്‍ഗ്രയിലെ പൊലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തി ഭിത്തിയില്‍ പുതിയ പെയിന്‍റടിച്ച് എഴുത്ത് മായ്ച്ചുകളഞ്ഞെന്നും പ്രതികളെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഓഫീസിലെ കാവൽക്കാരനായ അശ്വിനി കുമാറിനെ പൊലീസ് ചോദ്യം ചെയ്‌തു. എന്നാൽ തനിക്കൊന്നും അറിയില്ലെന്നാണ് ഇയാൾ നൽകിയ മറുപടി. "ഞാൻ രാത്രി ഷിഫ്റ്റിലായിരുന്നു. എന്‍റെ ഡ്യൂട്ടി ഓഫീസ് വളപ്പിനുള്ളിലായതിനാൽ ആരാണ് ചുമരിൽ പെയിന്‍റ് ചെയ്‌തതെന്ന് അറിയില്ല. രാത്രി മുഴുവൻ ഞാൻ ഓഫീസിൽ ഉണ്ടായിരുന്നു, പക്ഷേ ഇത് എപ്പോഴാണ് നടന്നതെന്ന് അറിയില്ല" -അശ്വിനി കുമാർ പറഞ്ഞു.