ന്യൂഡൽഹി :ഡൽഹി മെട്രോയുടെ (Delhi Metro) വിവിധ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ (Khalistan) അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത്. ശിവാജി പാർക്ക്, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ് സൂരജ്‌മാൽ സ്റ്റേഡിയം ഉൾപ്പടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്കായി (G20 Summit) രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിരിക്കുമ്പോഴാണ് അധികൃതരെപ്പോലും ഞെട്ടിച്ച് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത് (Pro Khalistan Slogans On Delhi Metro Stations).
ഡൽഹി പൊലീസ് പങ്കുവച്ച ചിത്രങ്ങളിൽ, മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിൽ 'ഡൽഹി ബനേഗാ ഖലിസ്ഥാൻ', 'ഖലിസ്ഥാൻ സിന്ദാബാദ്', ‘നരേന്ദ്ര മോദി ഇന്ത്യയിൽ സിഖ് വംശഹത്യ നടത്തി’ എന്നീ മുദ്രാവാക്യങ്ങളാണ് എഴുതിയിരുന്നത്. കൂടാതെ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) മെട്രോ സ്റ്റേഷനുകളിലെ മുദ്രാവാക്യങ്ങളുടെ റോ ഫൂട്ടേജ് പുറത്തുവിട്ടിട്ടുമുണ്ട്.
സിഖ് ഫോർ ജസ്റ്റിസ് (Sikhs For Justice) പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുദ്രാവാക്യമെഴുത്ത് ഗുരുതര വീഴ്‌ചയായി കണക്കാക്കി കേസ് രജിസ്റ്റർ ചെയ്‌ത് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.