ന്യൂഡൽഹി:എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നതിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ ഇവിഎം മെഷീൻ കണ്ടെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി രംഗത്തെത്തിയത്. ഇന്നലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷമായിരുന്നു സ്ഥാനാർഥിയുടെ കാറിൽ മെഷീൻ കണ്ടെത്തിയത്. ഇതിനെതുടർന്ന് ജനങ്ങൾ അദ്ദേഹത്തിന്‍റെ വാഹനം തടഞ്ഞ് വെച്ച് പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.
ഇവിഎം ഉപയോഗിക്കുന്നത് പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ഗാന്ധി - ഇവിഎമ്മിനെതിരെ പ്രിയങ്ക ഗാന്ധി
ഇന്നലെ അസമിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷം ബിജെപി സ്ഥാനാർഥിയുടെ കാറിൽ ഇവിഎം മെഷീൻ കണ്ടെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി രംഗത്തെത്തിയത്
എന്നൊക്കെ ഇവിഎം മെഷീനുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നം വന്നിട്ടുണ്ടോ അന്നൊക്കെ അതിന് പിന്നിൽ ബിജെപി പ്രവർത്തകരോ നേതാക്കളോ ഉണ്ടായിട്ടുണ്ടെന്നും പ്രിയങ്ക ആരോപിച്ചു. എന്നാൽ എത്രയൊക്കെ വാർത്തകൾ പുറത്ത് വന്നാലും നടപടികൾ ഒന്നും തന്നെ എടുത്ത് കാണുന്നില്ലെന്നും പ്രിയങ്ക കൂട്ടിചേർത്തു. തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അസമിൽ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 74.76 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. ഏപ്രിൽ ആറിനാണ് സംസ്ഥാനത്തെ അവസാന ഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണൽ നടക്കും.