ന്യൂഡല്‍ഹി: 'മോദി' അപകീര്‍ത്തിക്കേസില്‍ ബിജെപി രാഹുല്‍ ഗാന്ധിക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്‍റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി. 'ബിജെപി, രക്തസാക്ഷിയായ പ്രധാന മന്ത്രിയുടെ മകനെ മിര്‍ ജാഫര്‍ എന്ന് വിളിക്കുകയും അവന്‍റെ കുടുംബത്തെ അപമാനിക്കുകയും ചെയ്‌തു. എന്നിട്ടും അവന്‍ തലകുനിക്കാന്‍ തയ്യാറായില്ല. കാരണം ജനാധിപത്യത്തെ രക്തത്താല്‍ പരിപോഷിപ്പിച്ച ഒരു കുടുംബത്തിലെ അംഗമാണ് രാഹുല്‍ ഗാന്ധി' - പ്രിയങ്ക പറഞ്ഞു.
2019ലെ അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതിയുടെ വിധി വന്നതിന് പിന്നാലെ രാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിക്കൊണ്ട് സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക തന്‍റെ പ്രതിഷേധം അറിയിച്ചത്.
പ്രിയങ്കയുടെ ട്വീറ്റ് : 'നരേന്ദ്ര മോദി ജി, നിങ്ങളുടെ പാദസേവകര്‍ രക്തസാക്ഷിയായ ഒരു പ്രധാനമന്ത്രിയുടെ മകനെ വിശ്വാസവഞ്ചകനായ മിര്‍ ജാഫര്‍ എന്ന് വിളിച്ചു. നിങ്ങളുടെ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ രാഹുല്‍ ഗാന്ധിയുടെ പിതാവ് ആരാണ് എന്ന ചോദ്യമുന്നയിച്ചു. കശ്‌മീരി പണ്ഡിറ്റുകളുടെ ആചാരമനുസരിച്ച് കുടുംബത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്താന്‍ പിതാവിന് ശേഷം മകന്‍ തലപ്പാവ് ധരിക്കും. കുടുംബത്തെ ഒന്നടങ്കവും കശ്‌മീരി പണ്ഡിറ്റുകളുടെ സമുദായത്തെയും അധിക്ഷേപിച്ചുകൊണ്ട് നെഹ്‌റുവിന്‍റെ പേര് ഞങ്ങള്‍ എന്ത് കൊണ്ട് സ്വീകരിച്ചില്ല എന്ന് പാര്‍ലമെന്‍റില്‍ വച്ച് നിങ്ങള്‍ ചോദിച്ചു.
പക്ഷേ ഒരു ജഡ്‌ജിയും നിങ്ങള്‍ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചില്ല. പാര്‍ലമെന്‍റില്‍ നിന്ന് നിങ്ങളെ അയോഗ്യനാക്കിയതുമില്ല. എന്നാല്‍, രാഹുല്‍ ഗാന്ധി യഥാര്‍ഥ ദേശസ്‌നേഹിയാണ്. അദാനിയുടെ കൊള്ളയെക്കുറിച്ച് നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരോട് രാഹുല്‍ ചോദ്യമുന്നയിച്ചു. നിങ്ങളുടെ സുഹൃത്ത് ഗൗതം അദാനി രാജ്യത്തെ പാർലമെന്‍റിനേക്കാളും ഇന്ത്യയിലെ മഹാന്മാരേക്കാളും വലുതായോ? അദാനിയുടെ കൊള്ളയെ ചോദ്യം ചെയ്‌തപ്പോൾ നിങ്ങൾ ഞെട്ടി.