ശ്രീനഗര്‍ : രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരില്‍ പര്യവസാനിക്കുമ്പോള്‍ രാജ്യപര്യടനത്തെ വാനോളം പ്രശംസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാഹുലിന്‍റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി വദ്ര. തന്‍റെ സഹോദരനും പാര്‍ട്ടി എംപിയുമായ രാഹുല്‍ ഗാന്ധി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍, വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്ന വിഘടന ശക്തികള്‍ക്കിടയില്‍ നിന്നും രാജ്യത്തെ ചേര്‍ത്തുപിടിച്ചുവെന്ന് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ശ്രീനഗറിലെ ഷേര്‍ ഇ കശ്‌മീര്‍ സ്‌റ്റേഡിയത്തില്‍ സമാപിക്കുന്നതിന്‍റെ ഭാഗമായി നടന്ന മഹാസമ്മേളനത്തിലാണ് പ്രിയങ്കയുടെ പ്രശംസ.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ യാത്രക്കിടെ ഇന്ത്യയ്ക്ക് ഇന്ന് നേതൃത്വം നല്‍കുന്നവരുടെ രാഷ്‌ട്രീയം രാജ്യത്തിന് യാതൊരു ഗുണവുമില്ലാത്തതാണെന്ന് എനിക്ക് പറയാനാവും. അത്തരം രാഷ്‌ട്രീയം രാജ്യത്തെ ഭിന്നിപ്പിക്കുകയും തകര്‍ക്കുകയുമാണ് ചെയ്യുന്നത്. അത്തരത്തില്‍ നോക്കിയാല്‍ ഭാരത് ജോഡോ യാത്ര ഒരു ആത്മീയ യാത്രയായിരുന്നു എന്ന് സമാപന സമ്മേളനത്തെ അഭിവാദ്യം ചെയ്‌തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഹുലിന്‍റെ കത്ത് : തന്‍റെ സഹോദരന്‍ കശ്‌മീരില്‍ പ്രവേശിച്ചപ്പോള്‍ തനിക്കും അമ്മയ്ക്കും ഒരു സന്ദേശം അയച്ചിരുന്നു. വീട്ടിലേക്ക് വന്ന അതേ അനുഭൂതിയാണ് തോന്നിയതെന്നായിരുന്നു അതില്‍ പറഞ്ഞത്. തന്‍റെ കുടുംബാംഗങ്ങള്‍ തനിക്കായി കാത്തുനില്‍ക്കുകയായിരുന്നുവെന്നും, വേദനയോടെയും കണ്ണീരോടെയും അവര്‍ തന്നെ കെട്ടിപ്പിടിച്ചത് ഹൃദയത്തിലേക്കാണ് കടന്നുചെന്നതെന്നും അവന്‍ അറിയിച്ചുവെന്നും പ്രിയങ്ക വ്യക്തമാക്കി.
ഒന്നിച്ചവര്‍ക്ക് നന്ദി :തന്‍റെ സഹോദരന്‍ കന്യാകുമാരിയില്‍ നിന്ന് നാല് മുതല്‍ അഞ്ച് മാസത്തോളം നടന്നു. അവര്‍ എത്തിയിടത്തെല്ലാം ആളുകള്‍ കൂടിച്ചേര്‍ന്നു. രാജ്യത്ത് എല്ലാ ജനങ്ങളിലും, ഹൃദയത്തില്‍ കുടികൊള്ളുന്ന വൈവിധ്യങ്ങള്‍ക്കിടയിലും ഒന്നുചേരാനുള്ള അഭിനിവേശം അവശേഷിക്കുന്നു എന്നതുകൊണ്ടാണിതെന്നും പ്രിയങ്ക ജനാവലിയെ സാക്ഷിയാക്കി പറഞ്ഞു. രാഹുല്‍ നയിച്ച ഭാരത് ജോഡോ യാത്ര രാജ്യത്തിന്‍റെ എല്ലാ കോണുകളിലേക്കും സ്‌നേഹത്തിന്‍റെ സന്ദേശം പകര്‍ന്നെന്ന് പ്രിയങ്ക കഴിഞ്ഞദിവസം പരാമര്‍ശിച്ചിരുന്നു. രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംഘടിക്കുവാനും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.
കൊടും മഞ്ഞിലും തളരാതെ :ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. മണ്ണിടിച്ചില്‍ ഭീഷണിയെത്തുടർന്ന് ശ്രീനഗർ ജമ്മു ഹൈവേ അടഞ്ഞിരിക്കുകയും കശ്‌മീര്‍ ഏറ്റവും കഠിനമായ ശൈത്യകാലത്തെ നേരിടുകയും ചെയ്യുന്ന വേളയിലും ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് ആയിരങ്ങളാണ് എത്തിയത്.