ശ്രീനഗര്‍ :രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര രാജ്യത്തിന്‍റെ എല്ലാ കോണുകളിലേക്കും സ്‌നേഹത്തിന്‍റെ സന്ദേശം പകര്‍ന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. കശ്‌മീരിലൂടെ സഞ്ചരിച്ച് യാത്ര അതിന്‍റെ അവസാനദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംഘടിക്കുവാനും പ്രിയങ്ക ആവശ്യപ്പെട്ടു.
'ഭാരത് ജോഡോ യാത്ര രാജ്യത്തിന്‍റെ എല്ലാ കോണുകളിലും സ്‌നേഹത്തിന്‍റെ സന്ദേശമെത്തിച്ചു' ; അവസാന ലാപ്പില്‍ നന്ദിയറിയിച്ച് പ്രിയങ്ക - യാത്ര
കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര അതിന്‍റെ അവസാന ലാപ്പിലെത്തിയപ്പോള്‍ യാത്ര രാജ്യത്തിന്‍റെ എല്ലാ കോണുകളിലേക്കും സ്‌നേഹത്തിന്‍റെ സന്ദേശം പകര്‍ന്നെന്ന് നന്ദിയറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര
ഇന്ന് നമുക്കെല്ലാം ഒരു ചരിത്ര നിമിഷമാണ്. കോടിക്കണക്കിന് പൗരന്മാരുടെ പിന്തുണയോടെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര അതിന്‍റെ അവസാന ലക്ഷ്യത്തിലെത്തി. നിങ്ങളുടെയെല്ലാം കഠിനാധ്വാനത്തോടെ സ്‌നേഹത്തിന്‍റെ സന്ദേശം രാജ്യത്തിന്‍റെ എല്ലാ കോണുകളിലുമെത്തിയെന്നും ആ സ്‌നേഹ സന്ദേശത്തില്‍ അടിയുറച്ച് ഒന്നിച്ച് രാജ്യത്തെ മുന്നോട്ടുനയിക്കണമെന്നും പ്രിയങ്ക ഗാന്ധി വാദ്ര ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ഇന്ന് പകലോടെ 4,080 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. യാത്രയുടെ ഭാഗമായി ശ്രീനഗറിന്‍റെ ഹൃദയഭാഗത്തുള്ള ലാൽ ചൗക്കിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവറിൽ രാഹുൽ ഗാന്ധി ഇന്ന് ദേശീയ പതാക ഉയർത്തുകയും ചെയ്‌തിരുന്നു. അതേസമയം യാത്രയുടെ അവസാന ദിവസമായ നാളെ കോണ്‍ഗ്രസിന്‍റെയും പാര്‍ട്ടിയുമായുള്ള അടുപ്പമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ അണിനിരക്കുന്ന മെഗാ റാലി നടക്കും.