ന്യൂഡല്‍ഹി: ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ ജന്തര്‍മന്തറില്‍ സമരം നടത്തുന്ന ഗുസ്‌തി താരങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിഷയത്തില്‍ പ്രതിഷേധമറിയിച്ച് പ്രിയങ്ക ഗാന്ധി ഗുസ്‌തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനിരിക്കെയാണ് ഇന്ന് രാവിലെ ജന്തര്‍മന്തറിലെത്തിയ പ്രിയങ്ക താരങ്ങളെ കണ്ടത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളുമായി പ്രിയങ്ക ഗാന്ധി സംവദിച്ചു.
കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി:ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെനെതിരെ ഗുസ്‌തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെ അഭിമാനവും യശസും ഉയര്‍ത്തുന്ന താരങ്ങളുടെ ആവശ്യവും അഭ്യര്‍ഥനകളും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രിയങ്ക കുറ്റവാളികളെ രക്ഷിക്കാന്‍ ആഗ്രഹമുണ്ടോയെന്നും ചോദിച്ചിരുന്നു. ഒരു പാര്‍ട്ടിയുടെയും അതിന്‍റെ നേതാക്കളുടെയും അഹങ്കാരം ആകാശത്തോളം ഉയരുമ്പോള്‍ അത്തരം ശബ്‌ദങ്ങളെ തകര്‍ക്കപ്പെടണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
ഗുസ്‌തി താരങ്ങളെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍:കോൺഗ്രസ് നേതാക്കളായ ഭൂപീന്ദർ ഹൂഡ, ദീപേന്ദർ ഹൂഡ, ഉദിത് രാജ് എന്നിവരും നേരത്തെ ജന്തര്‍മന്തറിലെ ഗുസ്‌തി താരങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചതോടെ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള താരങ്ങളുടെ ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.