ഗോണ്ട : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എല്ലാം അറിയുന്ന 'സർവജ്ഞാനി'യായ പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയാതെ പോകുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.
യോഗി ആദിത്യനാഥിനെതിരെ തിരിഞ്ഞ പ്രിയങ്ക, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമേ തെരുവിൽ വർധിച്ചുവരുന്ന മൃഗശല്യം പോലുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി ശ്രദ്ധ പതിപ്പിക്കുകയുള്ളൂവെന്ന് കുറ്റപ്പെടുത്തി. ബഹുജൻ സമാജ് പാർട്ടിയും സമാജ്‌വാദി പാർട്ടിയും ജാതിയുടെയും മതത്തിന്‍റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. യുപിയിലെ ഗോണ്ടയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
പ്രധാനമന്ത്രിയെ പരിഹസിച്ച പ്രിയങ്ക ഗാന്ധി, മോദിയെ 'അന്തർയാമി', 'സർവജ്ഞാനി' എന്നാണ് വിശേഷിപ്പിച്ചത്. എല്ലാം അറിയുന്ന മോദി, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ കർഷകർ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കുന്നില്ല. തെരുവുമൃഗങ്ങൾ തങ്ങളുടെ വിളകൾ നശിപ്പിക്കുന്നതുമൂലം കർഷകർ ദുരിതത്തിലാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും പ്രിയങ്ക ഗാന്ധി ഓർമിപ്പിച്ചു.
'റഷ്യൻ പ്രധാനമന്ത്രിക്ക് രോഗം പിടിപെട്ടാലോ അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ചുമച്ചാലോ വരെ മോദിജി അറിയും. ഉടൻതന്നെ അവർക്ക് കത്തെഴുതുകയും ഫോണിൽ വിളിച്ച് സുഖവിവരം അന്വേഷിക്കുകയും ചെയ്യും. എന്നാൽ സ്വന്തം പാർട്ടി ഭരിക്കുന്ന ഉത്തർപ്രദേശിലെ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല. ഇവിടെ തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും പ്രശ്‌നപരിഹാരവുമായെത്തിയ സർക്കാർ, കഴിഞ്ഞ അഞ്ചുവർഷമായി എവിടെയായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു.
ALSO READ:യുക്രൈനിൽ നിന്ന് 18,000ത്തോളം ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ശ്രമമാരംഭിച്ചെന്ന് വി മുരളീധരന്‍
യുവാക്കൾ തൊഴിലിനുവേണ്ടി സമരം ചെയ്‌തപ്പോഴും കർഷകർ പ്രതിഷേധിച്ചപ്പോഴും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോഴുമൊന്നും മോദിയെ എവിടെയും കാണാനായില്ല. ലോകം ചുറ്റി വിദേശ രാഷ്ട്രീയനേതാക്കളുമായുള്ള ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉത്തർപ്രദേശിൽ എത്തിയിരിക്കുകയാണെന്നും അവർ പരിഹസിച്ചു.
ജാതിയുടെയും വർഗീയതയുടെയും അടിസ്ഥാനത്തിൽ എതിർപാർട്ടികൾ ജനങ്ങളെ വിഭജിക്കുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ആരോപിച്ചു. മതം പറഞ്ഞ് വോട്ട് നേടാമെന്ന് ഉറപ്പായതോടെ പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ആവശ്യമില്ലെന്ന് ഈ രാഷ്ട്രീയ നേതാക്കൾ കരുതിത്തുടങ്ങി. എന്നാൽ അവർക്കിടയിൽ ഈ ശീലം വളർത്തിയെടുത്തത് ജനങ്ങൾ തന്നെയാണ്. കബളിപ്പിച്ച് വോട്ട് നേടുന്ന ബിജെപി, ബിഎസ്‌പി, എസ്‌പി നേതാക്കളുടെ ആ ശീലം തകർക്കാൻ ജനങ്ങൾ തയാറാകണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു.