ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം സംബന്ധിച്ച പാർട്ടി നിലപാട് ഉൾപ്പെടെ നിരവധി വിഷയങ്ങൾ തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഒഴികെ ആരുമായും സഖ്യത്തിന് തയാറാണെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വ്യക്തമാക്കി. സമാജ്‌വാദി പാർട്ടിയും ബിജെപിയും സമാനമായ രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്നും അവർ ആരോപിച്ചു.
പ്രാധാന വിഷയങ്ങൾക്കായി പോരാടുന്നത് പാർട്ടി തുടരുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഉത്തർപ്രദേശിലെ പ്രധാന പാർട്ടിയായിരിക്കുമെന്നും തങ്ങളുടേതെന്നും പ്രിയങ്ക പറഞ്ഞു.
ALSO READ:ഇതാണ് ഉദ്ഘാടനം, എംഎല്‍എ ബസ് ഓടിച്ചത് ആറ് കിലോമീറ്റർ: കാണാം വീഡിയോ
എല്ലാ വാതിലുകളും ബിജെപിക്ക് അടഞ്ഞിരിക്കുന്നു. എന്നാൽ മറ്റ് പാർട്ടികൾക്ക് തുറന്നിരിക്കുന്നു. സമാജ്‌വാദി പാർട്ടിയും ബിജെപിയും സമാനമായ രാഷ്ട്രീയം പ്രയോഗിക്കുന്നത്, അത്തരം രാഷ്ട്രീയത്തിൽ നിന്ന് അവർക്ക് നേട്ടമുണ്ടാക്കുന്നതിനാലാണ്.
സാധാരണക്കാർക്ക് പ്രയോജനം ലഭിക്കണമെന്നും വികസന പ്രശ്നങ്ങൾ ഉന്നയിക്കണമെന്നുമാണ് ഞങ്ങൾ പറയുന്നത്. വർഗീയതയുടെയും ജാതീയതയുടെയും അടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്ന പാർട്ടികൾക്ക് ഒരു അജണ്ട മാത്രമേയുള്ളൂ. അവർ അത് പരസ്പരം പ്രയോജനപ്പെടുത്തുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിഎസ്‌പിയുടെ നിലവാരം കുറഞ്ഞ പ്രചാരണത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച പ്രിയങ്ക, സംസ്ഥാനം തെരഞ്ഞെടുപ്പിന്‍റെ മധ്യത്തിലാണെങ്കിലും അതിന്‍റെ പ്രചാരണം പ്രതീക്ഷിച്ച വേഗത നേടിയില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിഎസ്‌പി അധ്യക്ഷ മായാവതി തന്‍റെ പതിവ് ശൈലിയിലല്ല പ്രചാരണത്തിനിറങ്ങിയതെന്നും നിശബ്ദത പാലിക്കുന്നുവെന്നുമുള്ള വ്യാപകമായ ആരോപണങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.